ഈ നിലയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ്

Webdunia
ഞായര്‍, 26 മാര്‍ച്ച് 2017 (10:36 IST)
കേരളാ പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. ഈ നിലയിലാണ് പൊലീസിന്റെ പ്രവര്‍ത്തനമെങ്കില്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിടരുത്. സംസ്ഥാനത്തെ ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റില്‍ വി എസ് അഭിപ്രായപ്പെട്ടു.
 
പൊലീസിനെ ഇടംവലം തിരിയാന്‍ അനുവദിക്കാതെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഭരണകൂടങ്ങളുണ്ട്. എങ്കിലും ഒരു ജനാധിപത്യ സംവിധാനത്തില്‍ നീതിപൂര്‍വമായും സ്വതന്ത്ര്യമായും പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം പൊലീസിന് നല്‍കേണ്ടത് ആവശ്യമാണ്. അനിയന്ത്രിതമായ അധികാര പ്രയോഗത്തിനായി പൊലീസിനെ കയറൂരി വിടണമെന്ന് ഇതിനര്‍ത്ഥമില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. 
 
കേരളത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പ് കെകാര്യം ചെയ്യുന്നത്. എന്നാല്‍ അങ്ങനെ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതായിരുന്നില്ല സ്ഥിതി. എന്നുവച്ച് പൊലീസിന്റെ മേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്നല്ല. പൊലീസിനെ നിഷ്‌ക്രിയമാക്കാനോ അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും വി എസ് പറഞ്ഞു.
Next Article