പാലാരിവട്ടം പാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ് ചെയ്‌തേക്കും - തെളിവുകള്‍ ലഭിച്ചു

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (13:28 IST)
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ് ചെയ്യാന്‍ സാധ്യത. അദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയതിന് ശക്തമായ തെളിവുകള്‍ ലഭിച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

അറസ്‌റ്റ് കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍  അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.

കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിക്കെതിരായ അന്വേഷണസംഘത്തിന്‍റെ നീക്കം. വികെ ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയെന്ന സൂചനയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

ടിഒ സൂരജ് ഒപ്പിട്ട ഫയലുകള്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നുവെന്ന് വിജിലന്‍സ് സംഘത്തിന് ബോധ്യപ്പെട്ടു. ഇതിന് പുറമെ നിര്‍ണായകമായ ചില വിവരങ്ങളും വിജിലന്‍സിന് ലഭിച്ചതായാണ് വിവരം.

പാലം പണിയുടെ കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തന്നെയാണെന്നാണ് ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്.

ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി കരാറുകാരനു മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നു ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജിന്റെ വെളിപ്പെടുത്തല്‍. വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് അദ്ദേഹമായിരുന്നു. ഇതിനായി കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും നിര്‍ദേശം ലഭിച്ചു. എന്നും ജാമ്യാപേക്ഷയ്‌ക്ക് ഒപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞു.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം തന്‍റേതായിരുന്നില്ല. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും സൂരജ് വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article