ബാലഭാസ്കറിന്റേത് കൊലപാതകമോ? ഡ്രൈവർ അർജുൻ ഒളിവിൽ, പരിക്കേറ്റയാൾ ദൂരയാത്ര പോയതെന്തിന്?

Webdunia
വെള്ളി, 7 ജൂണ്‍ 2019 (12:15 IST)
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. ബാലഭാസ്‌ക്കറുടെ ഡ്രൈവറായിരുന്ന അർജുൻ ഒളിവിലെന്ന് സൂചന. അർജുൻ നാടുവിട്ടെന്നും നിലവിൽ അസമിലാണെന്നുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.
 
അപകടത്തിൽ പരിക്കേറ്റയാൾ ദൂരയാത്രക്ക് പോയത് സംശയകരമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അർജുൻ സംസ്ഥാനം വിട്ടതെന്ന് അന്വേഷിക്കും. അർജുന്റെ മൊഴി മാറ്റവും സംശയകരമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അപകടസമയത്ത് വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നത് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്ന മറ്റൊരു പ്രധാന കാര്യം. ചാലക്കുടിയിൽ നിന്ന് പള്ളിപ്പുറത്തെത്താൻ രണ്ടേമുക്കാൽ മണിക്കൂർ മാത്രമാണ് വേണ്ടിവന്നത്. അത്രയും വേഗത്തിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൂന്തോട്ടം ആശുപത്രി ഉടമ ഡോക്ടർ രവീന്ദ്രന്റെ മകൻ ജിഷ്ണുവും ഒളിവിലെന്നാണ് സംശയം. ഇക്കാര്യവും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.
 
സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിലുള്ള പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പൂന്തോട്ടം ആശുപത്രി ഉടമ രവീന്ദ്രനും ഭാര്യ ലതയും പറഞ്ഞിരുന്നു. ബാലഭാസ്‌ക്കറിന് അപകടം സംഭവിക്കുന്നതിന് തലേദിവസം തിരുവനന്തപുരത്തെത്തിയ മകൻ ജിഷ്ണു പ്രകാശ് തമ്പിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു. രവീന്ദ്രന്റേയും ഭാര്യ ലതയുടേയും മൊഴി ക്രൈംബ്രൊഞ്ച് എടുത്തിരുന്നു. മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇരുവരും ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയതെന്നാണ് വിവരം.
 
ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. ബാലഭാസ്‌ക്കറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article