മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ മുഖ്യ ബെനാമിയെ കണ്ടെത്തിയെന്ന് വിജിലന്‍സ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിച്ചു. ശാന്തിവിള എം രാജേന്ദ്രനാണ് ശിവകുമാറിന്റെ മുഖ്യ ബെനാമിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിന്റെയും മറ്റു പ്രതികളുടെയും വീട്ടില്‍ നടത്തിയ റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങളും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
ശാന്തിവിള എം രാജേന്ദ്രന്റെ പണമിടപാട് രേഖകളും ബാങ്ക് പാസ് ബുക്കുകളും വിജിലൻസ് പിടിച്ചെടുത്തു. ഇയാള്‍ 13 ഇടങ്ങളിൽ ഭൂമി വാങ്ങിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിദേശത്ത് നടത്തിയ ഇടപാടുകളുടെ രേഖകള്‍ ഉള്‍പ്പടെ 72 രേഖകളാണ് പിടിച്ചെടുത്തത്.
വി എസ് ശിവകുമാറിന്റെ മറ്റൊരു ബെനാമി എന്ന് വിജിലന്‍സ് പറയുന്ന എൻ എസ് ഹരികുമാറിന്‍റെ വീട്ടില്‍ നിന്ന് 25 രേഖകള്‍ പിടിച്ചെടുത്തു. ഡ്രൈവറായ ഷൈജു ഹരന്റെ വീട്ടിൽ നിന്ന് 18 രേഖകൾ കണ്ടെത്തിയിട്ടുണ്ട്.