ഉത്ര വധം: സൂരജിന്‍റെ പിതാവും അറസ്റ്റില്‍; 36 പവന്‍ സ്വര്‍ണം റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍, അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കാന്‍ സാധ്യത

സുബിന്‍ ജോഷി
തിങ്കള്‍, 1 ജൂണ്‍ 2020 (22:42 IST)
അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജിന്റെ പിതാവ് സുരേന്ദ്രൻ അറസ്റ്റിൽ. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത് സുരേന്ദ്രന്‍ പൊലീസിന് കാണിച്ചുകൊടുത്തു. 36 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കണ്ടെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
സംഭവത്തേക്കുറിച്ച് തന്‍റെ പിതാവിനും അറിവുണ്ടായിരുന്നു എന്ന സൂരജിന്‍റെ മൊഴിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്. സ്വര്‍ണം കുഴിച്ചിട്ടത് സുരേന്ദ്രനാണ് എന്നാണ് കണ്ടെത്തല്‍. ബാക്കി സ്വര്‍ണം എവിടെയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനായി അടുത്ത ദിവസങ്ങളില്‍ ലോക്കറുകളില്‍ പരിശോധനയുണ്ടാകും.
 
അതേസമയം, സംഭവത്തില്‍ സൂരജിന്‍റെ മറ്റ് ബന്ധുക്കള്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇതിന്‍റെ ഭാഗമായി സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
സൂരജ് മുമ്പും വീട്ടില്‍ പാമ്പുമായി എത്തിയിട്ടുണ്ടെന്ന നിര്‍ണായക മൊഴിയും സുരേന്ദ്രന്‍ നല്‍കി. ഇതോടെ പൊലീസിന്‍റെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article