ചതിയന്മാരുടെ മുന്നണിയെന്ന് യു ഡി എഫിനെ കെ എം മാണി വിളിച്ചത് മുഖ്യമന്ത്രിയെ കൂടി കണ്ടു കൊണ്ടായിരിക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്റെ ഭാഗമായി കോട്ടയത്ത് വൈക്കത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആണ് ഇങ്ങനെ പറഞ്ഞത്.
യു ഡി എഫിൽ സംഭവിക്കാൻ പോകുന്ന അന്തഛിദ്രത്തിന്റെ തുടക്കമാണ് മാണി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. ചതിയന്മാരുടെ മുന്നണിയാണ് യു ഡി എഫ് എന്ന് പറയേണ്ടി വന്നത് മുഖ്യമന്ത്രിയെ കൂടി കണ്ടു കൊണ്ടായിരിക്കും. മാണിയുടേത് വെറും വാക്കായി കാണാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളതെന്നും പിണറായി വിജയന്‍ ചോദിച്ചു.
ഉമ്മൻ ചാണ്ടിയുടെ സംരക്ഷകരായി മാറിയ കെ പി സി സി പ്രസിഡൻറ് വി എം സുധീരനും പ്രവർത്തക സമിതി അംഗം എ കെ ആൻറണിക്കും ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകാനിടയില്ലെന്നും പിണറായി പറഞ്ഞു.
നേരെ കാണുമ്പോള്‍ കെട്ടിപ്പുണരുന്നതിനിടയിലും കുതികാല്‍ വെട്ടുന്നവര്‍ രാഷ്‌ട്രീയത്തിലുണ്ടെന്നായിരുന്നു മാണിയുടെ പ്രസ്താവന. എന്നാല്‍, കുഞ്ഞാലിക്കുട്ടിയെ നമ്പാന്‍ കൊള്ളാമെന്നും കൂടെ നില്‍ക്കുന്നവരെ ചതിക്കില്ലെന്നും മാണി പറഞ്ഞിരുന്നു.