സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

രേണുക വേണു
ബുധന്‍, 10 ജൂലൈ 2024 (19:46 IST)
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ഭിന്നശേഷി സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കോളറ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ ആയിരുന്നു. പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധന ഫലത്തിലാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോളറ രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ ഇതേ അഗതി മന്ദിരത്തിലെ പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. കോളറ ബാധിതരുടെ നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. 
 
വയറിളക്ക രോഗങ്ങളില്‍ ഗുരുതരമാകാവുന്ന ഒന്നാണ് കോളറ. മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്.
 
വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വയറിളക്ക രോഗമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം സിങ്ക് (Zinc) ഗളിക നല്‍കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് ഗളിക എന്നിവ സൗജന്യമായി ലഭ്യമാണ്.
 
രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.
 
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
 
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും.
 
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു.
 
മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.
 
ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
 
പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.
 
ആഹാരം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.
 
ആഹാരസാധനങ്ങള്‍ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
 
ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.
 
വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ കുഞ്ഞുങ്ങളെ മലവിസര്‍ജ്ജനത്തിന് ശേഷം ശുചിമുറിയില്‍ മാത്രം കഴുകിക്കുക. മുറ്റത്തോ മറ്റ് ടാപ്പുകളുടെ ചുവട്ടിലോ കഴുകിക്കരുത്. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
 
വയറിളക്ക രോഗമുള്ള കുട്ടികള്‍ ഉപയോഗിച്ച ഡയപ്പറുകള്‍ കഴുകി, ബ്ലീച്ച് ലായനിയില്‍ 10 മിനിറ്റ് മുക്കി വെച്ചതിനുശേഷം മാത്രം ആഴത്തില്‍ കുഴിച്ചിടുക.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article