ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

രേണുക വേണു

ബുധന്‍, 10 ജൂലൈ 2024 (15:28 IST)
ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 34 ലക്ഷം ആളുകള്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിച്ചിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അതിപ്പോള്‍ 62 ലക്ഷമായി. പ്രതിമാസം 600 രൂപയാണ് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ ഘട്ടംഘട്ടമായി ഉയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 1600 രൂപയാക്കി. ഇനിയും ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവില്‍ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. ഈ സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം മൂന്ന് ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാര്‍ ജീവനക്കാരുട ഡിഎ കുടിശ്ശികയില്‍ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വര്‍ഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍