കൂടാതെ പരിപാടിയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം വന്നാലും അതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. ആഗോള അയ്യപ്പ സംഗമത്തിലുള്ള അതൃപ്തി രാജകുടുംബം പരസ്യമാക്കി. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികള്‍ ക്ഷണിക്കാനെത്തിയ സമയത്ത് തന്നെ കൊട്ടാരം നിര്‍വാഹകസംഘം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ രണ്ടു കാര്യങ്ങളാണ് കൊട്ടാരം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 2018ല്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിപൂര്‍ണ്ണമായി പിന്‍വലിക്കുക. യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലെന്ന് വാര്‍ത്തകളിലൂടെ അറിയാന്‍ സാധിച്ചുവെന്ന് വാര്‍ത്ത കുറിപ്പില്‍ പറയുന്നു.