തിരുവനന്തപുരം: സി.ബി.ഐ, കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ ആൾമാറാട്ടം നടത്തി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഭീഷണിപ്പെടുത്തി 2.25 കോടി രൂപ തട്ടിയെടുത്ത കേസിൽ നാല് രാജസ്ഥാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ സ്വദേശികളായ വിനോദ് കുമാർ വിശ്വാസ്, രാഹുൽ ശർമ്മ, വിജയ് ശർമ്മ, അനിൽ സചേത എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പേരിൽ മുംബൈ വിമാനത്താവളത്തിൽ എത്തിയ പാഴ്‌സലിൽ ലഹരി മരുന്ന് കണ്ടെത്തി എന്നും ഇതിനൊപ്പം ആധാർ കാർഡ്, പാസ്പോർട്ട് എന്നിവയുടെ കോപ്പി ഉണ്ടെന്നും പറഞ്ഞു കസ്റ്റംസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിനെ വിളിച്ചു. പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറുകയാണെന്നും പറഞ്ഞു.
പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞു മറ്റൊരാളും വിളിച്ചു തുടർന്ന് ഭീഷണിപ്പെടുത്തി 2.25 കോടി രൂപ ഓൺലൈൻ വഴി ആറ് അക്കൗണ്ടുകളിലേക്കായി ട്രാൻസ്ഫർ ചെയ്യിച്ചു. എന്നാൽ ഈ തുക പിന്നീട് 70 അക്കൗണ്ടുകളിലേക്ക് മാറിപ്പോയി. ഇത് വിവിധ ജൂവലറികളിലും മറ്റും സ്വർണ്ണ വാങ്ങുന്നതിനായി ഉപയോഗിച്ചു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കൈമാറിയ ഒരു അക്കൗണ്ട് രാജസ്ഥാനിലെ കുമാർ അസോസിയേറ്സ് എന്ന കമ്പനിയുടേതാണെന്നു കണ്ടെത്തി.
പക്ഷെ ഇത് തട്ടിപ്പ് കമ്പനിയാണെന്നും മനസിലായെങ്കിലും ഈ മൊബൈൽ നമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. ഈ അക്കൗണ്ടിൽ എത്തിയ 48 ലക്ഷത്തിൽ ഭൂരിഭാഗവും ലഭിച്ചു. ഇതിനൊപ്പം തിരുവനന്തപുരത്തു നിന്ന് മറ്റൊരാളിൽ നിന്നും 60 ലക്ഷം രൂപ സമാന രീതിയിൽ തട്ടിയെടുത്തിരുന്നു. ഡി.സി.പി നിതിൻ രാജ്, സൈബർ എ,സി.പി.പികരുണാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാല് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.