സൈനിക വേഷത്തിൽ പണം തട്ടിയ രാജസ്ഥാൻ സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 30 നവം‌ബര്‍ 2023 (11:29 IST)
കണ്ണൂർ: കണ്ണൂർ സ്വദേശിയുടെ 2.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സൈബർ പോലീസ് രാജസ്ഥാനിലെ ജയ്പൂരിലെത്തി കേസിലെ പ്രതിയായ ജയ്പുർ സ്വദേശി അക്ഷയ് ഖോർവാൾ എന്ന 21 കാരനെ സാഹസികമായി അറസ്റ്റ് ചെയ്തു. എന്നാൽ സംഭവത്തിലെ പ്രധാനിയാണെന്ന് പോലീസ് കരുതുന്ന അക്ഷയുടെ പിതൃസഹോദരൻ സുരേന്ദ്ര ഖോർവാൾ പോലീസിനെ കണ്ട് രക്ഷപ്പെട്ടു.

കണ്ണൂർ തോട്ടട സ്വദേശി സാബിറ എന്ന 57 കാരിയുടെ അക്കൗണ്ടിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. ഓൺലൈൻ ആപ്പ് ആയ ഒ.എൽ.എക്‌സിൽ ഫ്‌ളാറ്റ്‌ വില്പനയ്ക്കുണ്ട് എന്ന് പരസ്യം നൽകിയ ആളുടെ പണമാണ് പ്രതി തട്ടിയെടുത്തത്. താൻ ആർമി ഉദ്യോഗസ്ഥനാണെന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് ജോലി സ്ഥലമാറ്റം ലഭിച്ചെന്നും ഉടൻ തന്നെ കുടുംബ സമേതം കണ്ണൂരിൽ എത്തുമെന്നും തുടർന്ന് ഫ്‌ളാറ്റ്‌ വാങ്ങുമെന്നും അറിയിച്ചു. ഇതിനൊപ്പം അഡ്വാൻസ് ആയി രണ്ടു ലക്ഷം രൂപ നൽകാമെന്നും പറഞ്ഞു.

 പിന്നീട് ഗൂഗിൾ പിയിലേക്ക് ഒരു രൂപ അയയ്ക്കാൻ പരാതിക്കാരിയോട് അക്ഷയ് ആവശ്യപ്പെട്ടു. എന്നാൽ പണം തനിക്ക് കിട്ടിയില്ലെന്നും പകരം ബാങ്ക് അക്കൗണ്ട് നമ്പർ നൽകാമെന്നും പറഞ്ഞു. ഇതിനിടെ സാബിറയുടെ വിശ്വാസം നേടിയ ഇയാൾ അവരുടെ അക്കൗണ്ട് വിവരവും ഐ.എഫ്.എസ്.സി കോഡും വാങ്ങിയിരുന്നു. എന്നാൽ മിനിട്ടുകൾക്കകം സാബിറയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി.

ഇത് പറഞ്ഞപ്പോൾ അത് പ്രശ്നമല്ലെന്നും ആ പണം തിരികെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചശേഷം കൂടുതൽ പണം ഇടാനും പറഞ്ഞതോടെ മൊത്തം 2.65 ലക്ഷവും നഷ്ടമായി. പിന്നീട് ഇവരെ കുറിച്ച് യാതൊരു അറിവുമില്ലാതായി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.  

സമാനമായ രീതിയിൽ ഇയാൾ കണ്ണൂരിലെ തന്നെ താണ സ്വദേശിയുടെ 185 ലക്ഷം രൂപ തട്ടിയ കേസിലും ഇയാൾ പ്രതിയാണ്. സൈബർ സെൽ ഇൻസ്‌പെക്ടർ കെ.സനിൽ കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് സംഘം ജയ്പൂരിൽ എത്തി സമീപത്തെ ഗ്രാമത്തിൽ നിന്നും പ്രതിയെ പിടികൂടിയെങ്കിലും വിവരം അറിഞ്ഞു നൂറോളം ഗ്രാമവാസികൾ പോലീസിനെ വളഞ്ഞു. തുടർന്ന് ജയ്പൂർ പോലീസിന്റെ സഹായത്തോടെയാണ് സൈബർ പോലീസ് പ്രതിയെയും കൂട്ടി തിരിച്ചെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍