നഴ്‌സിംഗ് സീറ്റ് വാഗ്ദാനം ചെയ്തു തട്ടിപ്പ് : മൂന്നു പേർക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

ബുധന്‍, 22 നവം‌ബര്‍ 2023 (18:57 IST)
തിരുവനന്തപുരം: നഴ്‌സിംഗ് സീറ്റ് വാഗ്ദാനം ചെയ്തു 50 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്‌സിംഗിന് പ്രവേശനം വാഗ്ദാനം ചെയ്തു പണം തട്ടി എന്ന പരാതിയിൽ പട്ടം സ്വദേശി ഭാരത് ജയൻ, ചെറുവാരക്കോണം സി.എസ്.ഐ ബി.എഡ്‌ കോളേജ് മാനേജർ സത്യരാജ്, പളുകൽ സ്വദേശി ജോബിൻ എന്നിവർക്കെതിരെയാണ് കേസ്.

നെയ്യാറ്റിൻകര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചത്. കൊല്ലം കേന്ദ്രീകരിച്ചുള്ള ക്വസ്ട്രാ ഗ്ലോബൽ എഡ്യൂ സൊള്യുഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയും കൊല്ലം കുളക്കട ശ്രീഭദ്രയിൽ താമസിക്കുന്ന അനുരാഗ് എന്നയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

മാനേജ്‌മെന്റ് സീറ്റിൽ അനുരാഗിന് ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത പ്രകാരം അനുരാഗ് കൊല്ലം ജില്ലയിലെ പതിനൊന്നു കുട്ടികളിൽ നിന്നായി നഴ്‌സിംഗ് സീറ്റു ലഭിക്കുന്നതിന് 50 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ എന്നിവ വഴി ഭരത്തിനു അയച്ചു എന്നാണ് പോലീസ് പറയുന്നത്.

എന്നാൽ ഈ കേസിൽ മെഡിക്കൽ കോളേജിന് ബന്ധമില്ലെന്ന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം പറഞ്ഞതായി റിപ്പോർട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനമെന്നും കോളേജിന്റെയും തന്റെയും പേര് വലിച്ചിഴയ്ക്കുന്നത് മന:പൂർവം അവഹേളിക്കാനാണെന്ന് ബി.എഡ് കോളേജ് മാനേജർ സത്യരാജ് പറഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍