കേന്ദ്ര സർക്കാർ ജോലി വാഗ്ദാനം ചെയ്തു 70 ലക്ഷം തട്ടിയ ആൾ പിടിയിൽ
മലപ്പുറം: കേന്ദ്ര സർക്കാർ വക സർവകലാശാലയിൽ ജോലി വാഗ്ദാനം ചെയ്തു 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് സ്വദേശിയുടെ പരാതിയിൽ തിരുവനന്തപുരം കവടിയാർ കെസ്റ്റൺ റോഡിൽ ഫ്ലാറ്റിൽ താമസിക്കുന്ന സുനിൽ കുമാർ എന്ന 45 കാരനെയാണ് പോലീസ് പിടികൂടിയത്.
കേസിനാസ്പദമായ സംഭവം കഴിഞ്ഞ സെപ്തംബറിലാണ് നടന്നത്. കേന്ദ്ര സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ജോലി വാഗ്ദാനം ചെയ്തായിരുന്നു സുനിൽ കുമാർ തട്ടിപ്പ് നടത്തിയത്. പണം വാങ്ങിയ ശേഷം ഇയാൾ മുങ്ങി. ഇയാളുടെ മൊബൈൽ ഫോണും പിന്നീട് ഉപയോഗിച്ചിരുന്നില്ല.
പിന്നീട് ഇയാൾ മുമ്പ് വിളിച്ചിരുന്ന ഫോൺ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇയാളെ കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് കരുവാരക്കുണ്ട് പോലീസ് പിടികൂടിയത്. കോഴിക്കോട്ടും ഇയാൾ സമാനമായ രണ്ടു തട്ടിപ്പുകൾ നടത്തിയതായി പോലീസ് അറിയിച്ചു. ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇയാൾ ഉപയോഗിക്കുന്നത്. കരുവാരക്കുണ്ട് പോലീസ് എസ്.ഐ കെ.പ്രിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.