മന്ത്രവാദത്തിന്റെ മറവിൽ 130 പവൻ തട്ടിയെടുത്തയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ഞായര്‍, 5 നവം‌ബര്‍ 2023 (11:32 IST)
മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ 130 പവന്റെ സ്വർണ്ണവും 15 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ വേങ്ങര പറമ്പിൽ പീടിക മങ്കട അബ്ദുൽ മൻസൂറാണ് അറസ്റ്റിലായത്.

അറുപതുകാരിയായ വീട്ടമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ്, കുടുംബാംഗങ്ങൾ എന്നിവരുടെ രോഗശമനത്തിനായി വീട്ടമ്മ മന്ത്രവാദിയെ സമീപിച്ചതാണ് വിനയായത്.  2022 മാർച്ചിലാണ്‌ വീട്ടമ്മയുടെ മകളിൽ നിന്ന് മന്ത്രവാദ ചികിത്സ, കോഴിക്കച്ചവടത്തിൽ പങ്കാളിയാക്കാം എന്നീ വാഗ്ദാനങ്ങളുമായി 75 പവനും 15 ലക്ഷം രൂപയും കൈക്കലാക്കിയത്.

ആദ്യം മകളുടെ കൈയിൽ നിന്ന് പണവും സ്വർണ്ണവും തട്ടിയെടുത്ത ശേഷം വീട്ടമ്മയുടെ മരുമകളുടെ കൈയിൽ നിന്ന് 25 പവന്റെ സ്വർണ്ണവും പിന്നീട് വീട്ടമ്മയിൽ നിന്ന് 30 പവനും കൂടി തട്ടിയെടുത്തു. വേങ്ങരയിലെ കുറ്റാളൂരിലായിരുന്നു ഇയാൾ ചികിത്സ നടത്തിയിരുന്നതെങ്കിലും പ്രധാന ജോലി കോഴിക്കച്ചവടമാണ്.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് സി.ഐ ജീവൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍