"വീഡിയോ ലൈക്ക് ചെയ്യൽ" ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

ഞായര്‍, 26 നവം‌ബര്‍ 2023 (15:29 IST)
എറണാകുളം: ഓൺലൈനിൽ പാർട്ടി ടൈം ജോലിയായി "വീഡിയോ ലൈക്ക് ചെയ്യൽ ജോലി" വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. ബംഗളൂരു വിദ്യാർണപുര സ്വാഗത ലെ-ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസ് എന്ന മുപ്പത്തിമൂന്നുകാരനെയാണ് പോലീസ് പിടികൂടിയത്.
 
കൊല്ലം പരവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴുലക്ഷത്തോളം രൂപയും ബിനോയിയിൽ നിന്ന് പതിനൊന്നു ലക്ഷത്തോളം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
ഓൺലൈൻ വഴിയാണ് പറവൂർ സ്വദേശികളുടെ പണം നഷ്ടപ്പെട്ടത്. യൂറ്റിയൂബ് വീഡിയോ ലൈക് ചെയ്യുമ്പോൾ വരുമാനവും ഇതിനൊപ്പം ആയിരം രൂപാ നിക്ഷേപിച്ചാൽ 1250 രൂപാ വരുമാനം എന്നിവയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനൊപ്പം ഇവരുടെ പേരിൽ തട്ടിപ്പുകാരൻ കറന്റ് അക്കൗണ്ടും തുടങ്ങും. ഇതിലൂടെ ഒരു ദിവസത്തിൽ ആയിരത്തിലേറെ പണമിടപാട് നത്തുകയും ചെയ്യും. തുടക്കത്തിൽ ചെറിയ തുക നൽകിയ ശേഷം വലിയ തുക നിക്ഷേപിക്കുമ്പോൾ മുങ്ങും.
 
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയിലുള്ള തട്ടിപ്പ് ധാരാളം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സൈബർ സെല്ലിന്റെ പരിശോധനയിൽ നാല്പത്തഞ്ചോളം അക്കൗണ്ടുകളിൽ നിന്നായി ഇയാൾ 250 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണു സൂചന. അതേസമയം ഇതിലെ അക്കൗണ്ടുകളെല്ലാം തന്നെ വ്യാജമാണെന്നും ഇവ ചൈനയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും സൂചനയുള്ളതായി പോലീസ് അറിയിച്ചു. നിലവിൽ പ്രതിക്കെതിരെ ബംഗളൂരുവിൽ തന്നെ രണ്ടു സൈബർ കേസുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍