വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നു രാവിലെ എട്ടു വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ വോട്ടെണ്ണലിന് എടുക്കൂ. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ട തപാല്‍ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതു സംബന്ധിച്ചു കളക്ടര്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനു കത്തയച്ചു.
ജില്ലയില്‍ വോട്ടെടുപ്പു നടന്ന ഡിസംബര്‍ എട്ടിനു മുന്‍പ് തപാല്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള മുഴുവന്‍ വോട്ടര്‍മാര്‍ക്കും അതത് റിട്ടേണിങ് ഓഫിസര്‍മാര്‍ ബാലറ്റ് പേപ്പറുകളും അനുബന്ധ രേഖകളും അയച്ചിട്ടുണ്ട്. എന്നാല്‍, ഇന്നലെ വരെ ഇതു പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന് വിവിധ ഓഫിസുകളില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട തപാല്‍ ഉരുപ്പടികളുടെ നീക്കം വേഗത്തിലാക്കണമെന്നു തപാല്‍ വകുപ്പിനോട് കളക്ടര്‍ ആവശ്യപ്പെട്ടത്.