സംസ്ഥാനത്ത് ശക്തമായ മഴ: നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ശ്രീനു എസ്
ബുധന്‍, 2 ഡിസം‌ബര്‍ 2020 (15:04 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുരേവി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലര്‍ട്ട് ആയ 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 204.5 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.
 
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെയും മഴ ലഭിക്കാനുള്ള സാധ്യതയാണിത് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article