ആ വിധത്തിലാണ് അവർ എന്നെ നേരിടാൻ ഒരുങ്ങുന്നത് എങ്കിൽ ഞാൻ ആക്രമണകാരിയാകും: ശ്രേയസ് അയ്യർ

ബുധന്‍, 2 ഡിസം‌ബര്‍ 2020 (12:53 IST)
തനിക്ക് വേണ്ടി ഓസ്ട്രേലിയ പ്രത്യേക പദ്ധതി തയ്യാറാക്കിയതിൽ സന്തോഷമുണ്ടെന്നും അതിനെ ഒരു വെല്ലുവിളിയായി തന്നെ എടുക്കുന്നു എന്നും ഇന്ത്യൻ യുവതാരം ശ്രേയസ് ആയ്യർ. ഓസ്ട്രേലിയയുടെ തന്ത്രങ്ങളെ മറികടക്കാൻ ശ്രമിയ്ക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രേയസിന്റെ പ്രതികരണം. 'എന്നെ വീഴ്ത്താൻ പ്രത്യേക പ്ലാനുമായാണ് അവര്‍ എത്തിയത് എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അത് ഒരു വെല്ലുവിളിയായി ഞാന്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ അത് എന്നെ പ്രചോദിപ്പിക്കും. 
 
ഷോര്‍ട്ട് ബോളുകളിലൂടെ അവര്‍ എന്നെ നേരിടാനൊരുങ്ങിയാല്‍ ഞാന്‍ ആക്രമണകാരിയാകും. കാരണം അത്തരം ഫീല്‍ഡ് സെറ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ എനിയ്ക്കാവും. ആദ്യ ഏകദിനത്തില്‍ ഹേസല്‍വുഡിന്റെ ഷോര്‍ട്ട് ബോള്‍ എങ്ങനെ കളിക്കണം എന്നതില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. അപ്പര്‍കട്ട് കളിക്കണോ അതോ പുള്‍ ഷോട്ട് കളിക്കണോ എന്ന സംശയത്തില്‍ രണ്ട് ഷോട്ടിനും ഇടയില്‍ കുടുങ്ങിപ്പോവുകയാണ് ഉണ്ടായത്.' ശ്രേയസ് അയ്യർ പറഞ്ഞു.
 
എന്നാല്‍ മൂന്നാം ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രേയസ് അയ്യർക്കായില്ല. കളിക്കളത്തിൽ ശ്രേയസ് പതറുന്ന കാഴ്ചയാണ് കണ്ടത്. 21 ബോളിൽനിന്നും വെറും 19 റൺസ് മാത്രം നേടിയാണ് ശ്രേയസ് പുറത്തായത്.ആഡം സാംപയുടെ പന്തിൽ ശ്രേയസിനെ ലാബുഷാനെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ രണ്ട് റൺസ് മാത്രമാണ് ശ്രേയസിന് നേടാനായത്. രണ്ടാം ഏകദിനത്തിൽ താരം 38 റൺസ് നേടിയിരുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍