തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞു; രോഗമുക്തി 79 ശതമാനമായി

ശ്രീനു എസ്
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (08:34 IST)
കോവിഡ് 19ന്റെ അതിരൂക്ഷമായ സമൂഹ വ്യാപനത്തില്‍നിന്നു തലസ്ഥാന ജില്ല കരയേറുന്നു. ഈ മാസം ആദ്യം മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലംകാണുന്നതിന്റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി തിരുവനന്തപുരത്ത് ആയിരത്തിനു താഴെയാണു പ്രതിദിന രോഗികളുടെ എണ്ണം. ഈ ദിവസങ്ങളിലെല്ലാം രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായതും ആശ്വാസം നല്‍കുന്നതാണ്. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങളുടെ ഫലമാണ് രോഗപ്പകര്‍ച്ച കുറയുന്നുവെന്ന കണക്കുകള്‍ തെളിയിക്കുന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
 
ഈ മാസം 11 മുതലുള്ള ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ 5591 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിലെ രോഗമുക്തരുടെ എണ്ണം 7341 ആണ്. ജില്ലയിലെ ആകെ രോഗമുക്തി നിരക്ക് 79 ശതമാനത്തിലെത്തി നില്‍ക്കുന്നു. സംസ്ഥാന ശരാശരി 72 ആണ്. സംസ്ഥാനത്തുതന്നെ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ജില്ലയും തിരുവനന്തപുരമാണ്. വയനാടാണ് ഒന്നാം സ്ഥാനത്ത്. പരിശോധനകളുടെ എണ്ണത്തിലും സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണ് തിരുവനന്തപുരം.

അനുബന്ധ വാര്‍ത്തകള്‍

Next Article