കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവ്: മുഖ്യമന്ത്രി

ശ്രീനു എസ്

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (06:43 IST)
കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവാണെന്നും കോവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന സമയത്തും മരണ നിരക്ക് കുറയുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം ഉച്ചസ്ഥായിയില്‍ എത്തുന്ന അവസ്ഥ പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സംസ്ഥാനം സ്വീകരിച്ചത്. അതിന്റെ ഒന്നാമത്തെ ഗുണഫലം ആരോഗ്യസംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനാവശ്യമായ സമയം ലഭ്യമായി എന്നതാണ്. രോഗത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ജീവനുകള്‍ രക്ഷിക്കാന്‍ എന്തു ചെയ്യാം എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും ശ്രമിച്ചു. അതിന്റെ ഭാഗമായി നമുക്ക് മരണങ്ങള്‍ വലിയ തോതില്‍ തടയാന്‍ സാധിച്ചു. നമ്മുടെ രാജ്യത്ത് തന്നെ നിരവധി സംസ്ഥാനങ്ങളില്‍ ഉണ്ടായ മരണങ്ങളുടെ കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്.
 
ലോകത്തെ മുഴുവനായി ഗ്രസിച്ച ഒരു മഹാമാരിയുടെ കാലത്ത് എത്ര ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നും അതിനായി എന്തൊക്കെ ചെയ്തു എന്നതുമാണ് പ്രധാനം. മനുഷ്യരുടെ ജീവന്‍, ജീവിതോപാധികള്‍ ആരോഗ്യസംവിധാനങ്ങള്‍ എന്നീ മൂന്നു ഘടകങ്ങളെ ചേര്‍ത്തു നിര്‍ത്തിയും, അവയെ സംരക്ഷിച്ചും ശാക്തീകരിച്ചും മഹാമാരിയെ ചെറുക്കുക എന്ന ശാസ്ത്രീയമായ സമീപനമാണ് കേരളം സ്വീകരിച്ചത്. അതിന്റെ ഫലമായാണ് മറ്റു മിക്ക പ്രദേശങ്ങളേക്കാള്‍ മികച്ച രീതിയില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നമുക്ക് സാധിച്ചത്.
 
മെയ് മാസത്തില്‍ മരണ നിരക്ക് 0.77 ശതമാനമുണ്ടായിരുന്നത്, ജൂണ്‍ മാസത്തില്‍ 0.45 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ അത് 0.4 ശതമാനമാവുകയും സെപ്റ്റംബറില്‍ 0.38 ശതമാനമായി വീണ്ടും കുറയുകയും ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെയുള്ള മരണ നിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്-മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍