പൂപറിക്കവെ രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. മുത്തശ്ശിയുടെ കൺമുൻപിൽ വെച്ചാണ് ദുരന്തമുണ്ടായത്. എഴുകോൺ ഇരുമ്പനങ്ങാട് മാറനാട് പള്ളിമുക്ക് സുനിൽ സദനത്തിൽ സുനിൽ കുമാറിന്റെയും നിഷയുടെയും മകൻ അഭിനവാണ് മരിച്ചത്.
ബുധനാഴ്ച പകൽ 12.30ടെയാണ് സംഭവം. വീടിന് മുൻപിലെ കിണറ്റിലാണ് അഭിനവ് വീണത്. പശുവിന് തീറ്റ കൊടുത്ത് നിന്ന മുത്തശ്ശിക്കൊപ്പം കളിക്കുകയായിരുന്നു അഭിനവ്. കിണറിന് സമീപം വെച്ചിരുന്ന മൺചട്ടിയിലെ ചെടിയിൽ നിന്ന് പൂപറിക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.
മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.