Thrissur Weather Update: തൃശൂര്‍ നഗരത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷം. രാവിലെ ഒന്‍പതരയോടെ തുടങ്ങിയ മഴ പലയിടത്തും ശമിച്ചത് ഒന്നര മണിക്കൂറിനു ശേഷമാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് നഗരത്തില്‍ അടക്കം ഗതാഗതം താറുമാറായി. ഉച്ചയോടെ മഴ ശമിച്ചിട്ടുണ്ട്. നഗരത്തിലെ വെള്ളക്കെട്ടും കുറഞ്ഞു. കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കുന്നംകുളത്ത് 105 മില്ലി മീറ്റര്‍ ലഭിച്ചു. വെള്ളാനിക്കരയില്‍ 83 മില്ലി മീറ്റര്‍, പീച്ചി 81 മില്ലി മീറ്റര്‍, വിലങ്ങന്‍കുന്ന് 75 മില്ലി മീറ്റര്‍, ചാലക്കുടി 71 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
ഒല്ലൂരിനും പുതുക്കാടിനും ഇടയില്‍ എറവക്കാട് ഗേറ്റിനു സമീപമായി രാവിലെ മണ്ണിടിച്ചില്‍ ഉണ്ടായി. നിരവധി ട്രെയിനുകള്‍ പുതുക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. 11 മണിയോടെ തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചു.
തൃശൂര്‍ വടക്കേ സ്റ്റാന്‍ഡ്, തൃശൂര്‍-കുന്നംകുളം റോഡ്, ശങ്കരയ്യ റോഡ്, പൂത്തോള്‍ റോഡ്, ഇക്കണ്ട വാര്യര്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ മാറ്റി.