ഒരു കോടിയുടെ മയക്കുമരുന്നു വേട്ട: മൂന്ന് പേര്‍ പിടിയില്‍

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (14:25 IST)
ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേരെ തുറവൂര്‍ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശികളായ രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്നു പേരാണു ഒരു കിലോഗ്രാം ഹാഷിഷുമായി പിടിയിലായത്. 
 
ഉടുമ്പന്‍ചോല കൊന്നത്തടി പഞ്ചായത്ത് കുഴിവേലി പ്രിന്‍സ് (34), പള്ളിവാതുക്കല്‍ റോബിന്‍ (37), കോതമംഗലം കീരം‍പാറ സ്വദേശി മുണ്ടയ്ക്കല്‍ അനീഷ് (28) എന്നിവരാണു പൊലീസ് വലയിലായത്. മയക്കുമരുന്നു വലയില്‍ കിംഗ് എന്നാണ് പ്രിന്‍സ് അറിയപ്പെടുന്നത്.
 
ചേര്‍ത്തലയിലെ ഒരാള്‍ക്ക് നല്‍കാനാണു ആന്ധ്രയില്‍ നിന്ന് ഹഷീഷ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു. ആന്ധ്രയില്‍ ഭൂമി പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി നടത്തുന്ന മലയാളികളില്‍ നിന്നാണു ഹാഷിഷ് ലഭിച്ചതെന്ന് പ്രതികള്‍ അറിയിച്ചു.
 
ദിവസങ്ങള്‍ക്ക് മുമ്പ് അരൂരില്‍ നാലു കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയിരുന്നു. ഇതില്‍ നിന്നാണു മയക്കുമരുന്നു ലോബിയെ കുറിച്ച് സൂചന ലഭിച്ചത് എന്ന് കുത്തിയതോട് സി.ഐ കെ.സജീവ് പറഞ്ഞു.
Next Article