പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സ്കൂളിന്‍റെ ഹയർസെക്കൻഡറി ക്ലാസുകൾ പ്രവർത്തകർ അടിച്ചു തകർത്തു.
പാമ്പാടി ടൗണിൽ നിന്നു പ്രകടനമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ക്ലാസ് മുറികളിലെ ബഞ്ചും മേശയും തല്ലിത്തകര്‍ക്കുകയും ചെയ്തു. സ്‌കൂളിലെ കമ്പ്യൂട്ടറുകളും നശിപ്പിക്കപ്പെട്ടു.
പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശിയതിനു പുറമേ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. രണ്ടു പൊലീസുകാർക്ക് സംഭവത്തിൽ പരുക്കേറ്റു.
പത്താം ക്ലാസിൽ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ലാസില്‍ തോല്‍പ്പിച്ചതില്‍ മനംനൊന്താണ് വിദ്യാർഥി ബിന്റോ ഈപ്പന്‍ ശനിയാഴ്‌ച ജീവനൊടുക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ സ്‌കൂളിലെക്ക് മാര്‍ച്ച് നടത്തിയത്.
വിദ്യാർഥിയെ തോൽപിക്കാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു. മാർക്ക് കുറവുള്ള കാര്യം രക്ഷിതാക്കളെ അറിയിച്ചിരുന്നെന്ന് അവർ സമ്മതിച്ചിട്ടുണ്ട്.
സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കള്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതി നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല.