കണ്ണൂരിലെ കൊലപാതകങ്ങൾക്ക് കാരണം നേതാക്കൾ, കൊല്ലരുതെന്ന് എന്തുകൊണ്ട് അവർ പറയുന്നില്ല; വേണ്ട എന്ന് നേതാക്ക‌ൾ പറഞ്ഞാൽ അന്ന് തീരും ഈ കൊലപാതകങ്ങൾ: ശ്രീനിവാസൻ

Webdunia
ഞായര്‍, 16 ഒക്‌ടോബര്‍ 2016 (13:32 IST)
കണ്ണൂരിലെ കൊലപാതകങ്ങ‌ൾക്ക് കാരണം നേതാക്കൾ എന്ന് നടൻ ശ്രീനിവാസൻ. നേതാക്കളിൽ ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും നേതാക്കളുടെ മക്കള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടോ? സ്വന്തം വീട്ടിലേക്ക് വെട്ടിമുറിക്കപ്പെട്ട മൃതദേഹം വരുന്ന അവസ്ഥ അവരിൽ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ?. കണ്ണൂർ ചോര കൊണ്ട് ചുവക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ഡോട് കോമിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
സ്‌നേഹമയമായി ചിരിക്കാന്‍ സാധിക്കുന്ന എത്രപേര്‍ ഇന്ന് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളിലുണ്ട്. സ്നേഹം കൊണ്ട് ജീവിച്ച നാട്ടിലാണ് ഇന്ന് വാഴത്തണ്ടുപോലെ മനുഷ്യരെ വെട്ടിയരിയുന്നത്. വളരെ നിഷ്കളങ്കരായ മനുഷ്യരാണ് കണ്ണൂർ ഉള്ളത്. പാർട്ടിയെയും നേതാക്കളെയും കണ്ണുമടച്ച് വിശ്വസിക്കുന്നവർ. എന്തു പറഞ്ഞാലും അത് അതേപടി അനുസരിക്കുന്നവർ. മനുഷ്യരുടെ ഈ നിഷ്കളങ്കതയാണ് നേതാക്കൾ മുതലെടുക്കുന്നത്.
 
കണ്ണൂരിലെ കൊലപാതകങ്ങൾക്കും പ്രശ്നങ്ങൾക്കും നൂറ് ശതമാനവും ഉത്തരവാദികൾ നേതാക്കൾ ആണ്. ഒരു നേതാവ് പോലും അണികളോട് കൊല്ലരുത് എന്ന് കർശനമായി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളാണ് കണ്ണൂരുള്ളത്. ഈ നേതാക്കള്‍ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകള്‍. ഒരുപാട് ചോദ്യങ്ങൾക്ക് നേതാക്കൾക്ക് മറുപടി നൽകാൻ സാധിക്കില്ല. കൊലയാളികള്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന സംരക്ഷണം നിര്‍ത്തലാക്കിയാലും മതി, കൊലപാതകങ്ങൾ അവസാനിക്കുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
 
Next Article