പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ റാപ്പര്‍ വേടന്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വേടന്‍ ഇക്കാര്യം പറഞ്ഞത്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെയാണ് തോന്നിയതെന്ന് വേടന്‍ പറഞ്ഞു. വേടനെ പ്രതിയാക്കി കൊണ്ടുള്ള പുലിപ്പല്ല കേസില്‍ കഴിഞ്ഞ ദിവസമാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അധീഷിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്.
ഇത് എന്റെ മാത്രം അഭിപ്രായമാണ്, ഞാന്‍ ചെയ്ത ജോലിക്ക് എനിക്ക് കിട്ടുന്ന സാധനങ്ങളാണ് ഈ വേട്ടയാടല്‍, അത് ജീവിതകാലം മുഴുവന്‍ ഉണ്ടാകും. ഇത് നിരന്തരമായി ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എനിക്ക് ഇത് ശീലമായി. എന്തെങ്കിലും പറഞ്ഞാല്‍ വിവാദമാകുമെന്നും കുറച്ചുദിവസം കൂടി മര്യാദയ്ക്ക് ജീവിക്കട്ടെയെന്നും വേടന്‍ പറഞ്ഞു.
കഞ്ചാവ് കേസിലാണ് വേടന്‍ പിടിയിലായത്. പിന്നാലെ കഴുത്തില്‍ അണിഞ്ഞിരുന്ന പുലിപ്പല്ല് മാല ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെ വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേടന്റെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ നടത്തിയത് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് നടപടി.