ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നോക്കമോ, പിന്നോക്കമോ എന്നുള്ള വ്യത്യാസമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടുതന്നെ അതിന്റെ ഭാഗമായുണ്ടായ നടപടികള്‍ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. റാപ്പര്‍ വേടനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുലി നഖവുമായി ബന്ധപ്പെട്ട പ്രശ്നം അവധാനപൂര്‍വ്വം കൈകാര്യം ചെയ്യുക എന്നുള്ളതാണ് വേണ്ടത്. അത് സ്വാഭാവികമായും അവധാനപൂര്‍വ്വം കൈകാര്യം ചെയ്യുന്ന നിലയുണ്ടാവും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ക്രെഡിറ്റ് നാടിന് ആകെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്ലിട്ടാല്‍ മാത്രം കപ്പലോടില്ല. വിഴിഞ്ഞം പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണ്. ആ സാക്ഷാത്കരണത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം നിര്‍ണായകമായിരുന്നു. നാടിന്റെ വികസനത്തിനായി ഈ ഒമ്പതു വര്‍ഷത്തില്‍ രണ്ടു സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു.
നമ്മുടെ നാടിന്റെ വികസനത്തിന് സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു വന്നിട്ടുള്ളത്. വിഴിഞ്ഞത്ത് ഏതെങ്കിലും തരത്തില്‍ അതിലൂടെ പോകുന്ന ബോട്ട് തള്ളിക്കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യുന്ന രീതിയല്ല വരാന്‍ പോകുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കണ്‍മുമ്പിലുള്ള യാഥാര്‍ഥ്യമാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു.