എസ്‌എം‌എസ് അയച്ച് കോടികള്‍ തട്ടിയ ‘കോടീശ്വരന്‍’ അറസ്റ്റില്‍

Webdunia
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (16:46 IST)
എസ്‌എം‌എസ് അയച്ച് കോടികള്‍ തട്ടിയ ‘കോടീശ്വരന്‍’ അറസ്റ്റില്‍. മലപ്പുറം അരീക്കോട്ടെ ഊര്‍ങ്ങാട്ടിരി സ്വദേശിയ്ക്ക്‌ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും ഒടുവില്‍ ഐവറികോസ്റ്റുകാരനായ സബാലി റോളണ്റ്റ്‌ (32) എന്ന തട്ടിപ്പുകാരനെ വലയിലാക്കാന്‍ കഴിഞ്ഞു. 
 
സംഭവമിങ്ങനെ: അമേരിക്കയിലെ ഒരു കോടീശ്വരന്‍ മരിച്ചെന്നും ഇയാളുടെ സ്വത്തുക്കള്‍ വിതരണം ചെയ്യുന്നു എന്നും അരീക്കോട്ടുകാരനു മൊബൈലില്‍ എസ്‌എംഎസ്‌ ലഭിച്ചു. ഇത്‌ വിശ്വസിച്ച അരീക്കോട്ടുകാരന്‍ ഇ മെയില്‍ വിലാസം തിരികെ അയച്ചുകൊടുത്തു. തുടര്‍ന്നു നടന്ന സംഭാഷണങ്ങള്‍ അനുസരിച്ച്‌ ആകെ ഒന്നേ മുക്കാല്‍ ബില്യണ്‍ ഡോളര്‍ നല്‍കുമെന്നും ഇതിനായി ഡല്‍ഹിയില്‍ എത്തണമെന്നും അറിയിപ്പു വന്നു. എന്നാല്‍ മുന്‍കൂറായി തന്നെ കസ്റ്റംസ്‌ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ചിലവുകള്‍ക്കായി അഞ്ച്‌ ലക്ഷം രൂപ നല്‍കണമെന്നും അറിയിച്ചിരുന്നു.
 
പൂര്‍ണ വിശ്വാസത്തിലായ അരീക്കോട്ടുകാരന്‍ സെപ്തംബര്‍ 16-നു ഡല്‍ഹിയിലെത്തി പണം നല്‍കി. റോളണ്ട്‌ ഒരു ഇരുമ്പു പെട്ടി ഇയാള്‍ക്ക്‌ കാണിച്ചുകൊടുത്തു. ഇതില്‍ 1.25 മില്യന്‍ ഡോളറുണ്ടെന്ന് പറഞ്ഞു. നൂറു ഡോളറിന്റെ രണ്ട്‌ കറന്‍സികള്‍ക്കിടയ്ക്ക്‌ വെള്ള പേപ്പറുകള്‍ അടുക്കിവച്ചതും കാണിച്ചു. അബദ്ധവശാല്‍ പെട്ടി മറ്റാര്‍ക്കെങ്കിലും ലഭിച്ചാല്‍ പണം നഷ്ടപ്പെടാതിരിക്കാനായി വെള്ളപേപ്പറുകള്‍ പ്രത്യേക രാസവസ്തു ഉപയോഗിച്ചു മായ്ച്ചതാണെന്നും മറ്റൊരു കെമിക്കല്‍ ഉപയോഗിക്കുമ്പോള്‍ ഇവ വീണ്ടും ഒറിജിനല്‍ നോട്ടുകളാകുമെന്നും അറിയിച്ചു. 
 
ഇതിനൊപ്പം ബാക്കി തുകയുള്ള മറ്റ്‌ രണ്ട്‌ പെട്ടികള്‍ക്കായി 60 ലക്ഷം രൂപ നല്‍കണമെന്നും ആ പെട്ടികള്‍ തുറക്കുന്നതിനുള്ള കോഡ്‌ ലഭിക്കുമെന്നും ഏതെങ്കിലും കാരണവശാല്‍ കെമിക്കല്‍ ലഭിക്കാതെ പെട്ടി തുറന്നാല്‍ വൈറസ്‌ ബാധമൂലം നോട്ടുകള്‍ നശിക്കുമെന്നും പറഞ്ഞു ധരിപ്പിച്ചു. 
 
എന്നാല്‍ ഇടയ്ക്ക്‌ സംശയം തോന്നിയപ്പോള്‍ കിട്ടിയ പെട്ടി തുറന്നു നോക്കിയപ്പോള്‍ നോട്ടുകള്‍ ആകുമെന്ന് പറഞ്ഞത്‌ വെറും പേപ്പറുകള്‍ മാത്രമാണെന്ന് മനസിലാക്കി. എങ്കിലും തട്ടിപ്പുകാരനെ പിടിക്കാന്‍ ബാക്കി രൂപ തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ റോളണ്ടിനെ മലപ്പുറത്തേക്ക്‌ വരുത്തി പൊലീസ്‌ വലയിലാക്കുകയായിരുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article