Shine Tom Chacko: ഹോട്ടലില്‍ വിദേശമലയാളിയായ വനിത, ഓണ്‍ലൈന്‍ ആയി 20,000 രൂപയുടെ ഇടപാട്; ഷൈന്‍ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു

രേണുക വേണു

ചൊവ്വ, 22 ഏപ്രില്‍ 2025 (08:54 IST)
Shine Tom Chacko Case: ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു. നടന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് വിശദമായി പരിശോധിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. 
 
ഷൈന്‍ യുപിഐ വഴി പണം അയച്ചത് ആര്‍ക്കൊക്കെയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെ കണ്ടെത്തും. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ ഷൈന്‍ നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. 
 
ഷൈന്‍ ടോം ചാക്കോയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റ് പൊലീസ് പരിശോധിക്കും. ഇതിനായി ബാങ്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലിമയുമായി ഷൈന്‍ ടോം ചാക്കോയ്ക്കു ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നടന്റെ കോള്‍ ലിസ്റ്റ് പൂര്‍ണമായി പൊലീസ് പരിശോധനയ്ക്കു വിധേയമാക്കും. 
 
വിദേശ മലയാളിയായ ഒരു വനിത സംഭവദിവസം ഷൈന്‍ ടോം ചാക്കോയുമായി ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേ ഹോട്ടലിലെ മറ്റൊരു മുറിയിലായിരുന്നു വനിത ഉണ്ടായിരുന്നു. അവരുമായി ഫോണ്‍ മുഖേന ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഈ സ്ത്രീയുമായി എന്തെങ്കിലും ലഹരി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. 
 
ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന രണ്ടാം പ്രതി മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദിനെ പൊലീസ് ചോദ്യം ചെയ്യും. ഇയാള്‍ മേക്കപ്പ്മാന്‍ ആണ്. പാലക്കാട് നിന്നും മദ്യക്കുപ്പികളുമായാണ് മുര്‍ഷാദ് ഷൈനിനെ കാണാനെത്തിയത്. മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ മുര്‍ഷാദ് ഷൈനിനു കൈമാറിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍