അഭിമുഖത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി മാല പാര്‍വതി. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ പ്രതികരിക്കണമെന്നാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് നടി വ്യക്തമാക്കി. നടി വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാല പാര്‍വതിയുടെ വിവാദപരാമര്‍ശം.
സിനിമ രംഗത്തെ മോശം അനുഭവങ്ങള്‍ മിടുക്കോടെ കൈകാര്യം ചെയ്യാനുള്ള സ്‌കില്‍ നടിമാര്‍ക്ക് വേണമെന്നായിരുന്നു മാലാ പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞത്. ഇതില്‍ നടിയുടെ വിശദീകരണം ഇങ്ങനെ. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ നടിമാര്‍ ഉടന്‍ പ്രതികരിക്കണം. സെറ്റില്‍ നേരിട്ട അപമാനം വിന്‍സി മനസില്‍ കൊണ്ട് നടക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. പെണ്‍പിള്ളേര് ഇത്തരം കാര്യങ്ങളില്‍ എന്തിന് പേടിക്കണം. താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരെ പറയുന്നതെന്നും സംഭവം നടന്നപ്പോള്‍ തന്നെ വിന്‍സി പ്രതികരിക്കണമായിരുന്നുവെന്നും മാല പാര്‍വതി വ്യക്തമാക്കി.