ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ വിവാദ പരാമർശവുമായി നടി മാല പാർവതി. സിനിമ മേഖലയിലെ പലര്‍ക്കും കളിതമാശ പോലും മനസിലാകുന്നില്ലെന്ന് നടി പറഞ്ഞു. സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതികള്‍ ഉയരുന്നതിനിടെയാണ് നടിയുടെ പ്രതികരണമെന്നതും ശ്രദ്ധേയം. കൂടെ കിടക്കാൻ വരുമോ എന്ന ചോദ്യമൊക്കെ തമാശയാണെന്ന മട്ടിലാണ് മാല പാർവതിയുടെ പ്രതികരണം. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
സ്ത്രീകളോട് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം പലരും ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ് എന്നാണ് മാല പാര്‍വതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കളിതമാശ പോലും മനസിലാക്കാൻ പറ്റാത്ത അവസ്ഥയാണ് പലർക്കുമെന്നും മാല പാർവതി പറയുന്നു.
'സിനിമയില്‍ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നത് കേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ഭയങ്കര സ്ട്രെസ് ആയിപ്പോയെന്ന്. എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ… പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ?
അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല. സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്', മാല പാർവതി പറഞ്ഞു.