അങ്ങനൊരു സംഭവമെ ഞങ്ങൾ അറിഞ്ഞിട്ടില്ല, വിൻസിയെ തള്ളി സൂത്രവാക്യം സംവിധായകൻ, അന്നേ പറഞ്ഞിരുന്നുവെന്ന് വിൻസി

അഭിറാം മനോഹർ

ഞായര്‍, 20 ഏപ്രില്‍ 2025 (12:26 IST)
സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച് നടന്നെന്ന് നടി വിന്‍സി അലോഷ്യസ് പറയുന്ന ആരോപണങ്ങളെ തള്ളി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഇന്നലെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് വിന്‍സിയുടെ വാദങ്ങളെ സിനിമയുടെ സംവിധായകന്‍ തള്ളിയത്. നാളെ ഫിലിം ചേംബറിന് മുന്നില്‍ വിന്‍സിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും മൊഴി എടുക്കാനിരിക്കെയാണ് സിനിമയുടെ സംവിധായകന്‍ വിന്‍സിയുടെ ആരോപണത്തെ തള്ളികളഞ്ഞത്. അഞ്ച് ദിവസം മുന്‍പ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു വിന്‍സിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.
 
അതേസമയം സെറ്റില്‍ വെച്ചുണ്ടായ ദുരനുഭവം സംവിധായകന്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും ഈ പ്രശ്‌നം നടനുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് വിന്‍സി പറയുന്നു. സംഭവത്തെ പറ്റി അറിയില്ലായിരുന്നുവെന്നും വിന്‍സി സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയപ്പോളാണ് അറിയുന്നതെന്നുമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പറഞ്ഞത്. ഇതിനിടെ സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്ന് അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോ പോലീസിന് മൊഴി നല്‍കി. പ്രമുഖരായ പലരും ഇത് ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്കും മറ്റൊരു നടനും മാത്രമാണ് എപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നതെന്നും ഷൈന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍