Shine Tom Chacko: ഞങ്ങൾ മാത്രമല്ല സർ, വമ്പന്മാർ ഇനിയുമുണ്ട്, എപ്പോഴും പഴി ഞങ്ങൾക്ക് മാത്രം: ഷൈൻ ടോം ചാക്കോ
സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രമുഖരായ പല നടന്മാരും ലഹരി ഉപയോഗിക്കുന്നവരാണെന്നും എന്നാല്‍ മുഴുവന്‍ പഴിയും തനിക്കും മറ്റൊരു നടനും മാത്രമാണെന്നും പോലീസിന് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കി. പരിശോധനകള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സൈറ്റുകളില്‍ ലഹരി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും പോലീസിന് ഷൈന്‍ മൊഴി നല്‍കി.
ഷൈനിന്റെ ഫോണ്‍ ഇന്നലെ പരിശോധിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണും ശരീരസ്രവ സാമ്പിളുകളും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ദുരൂഹമായ പണമിടപാടുകള്‍ ഷൈനിന്റെ അക്കൗണ്ടില്‍ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ വ്യക്തികള്‍ക്ക് കൈമാറിയ ഇടപാടുകളാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിലുള്ള 14 ഇടപാടുകളെ പറ്റി വിശദമായ പരിശോധന നടത്തും. അതേസമയം ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ നാളെ ഫിലിം ചേംബര്‍ കൊച്ചിയില്‍ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷൈനിനെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സിനിമ സംഘടനകളോട് ചേമ്പര്‍ ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന. വിന്‍സി അലോഷ്യസിനെയും ഷൈന്‍ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടനയായ അമ്മയും ഷൈന്‍ ടോം ചാക്കോയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.