വീണ്ടും കന്യാസ്‌ത്രീയുടെ മൊഴിയെടുക്കുന്നു; അറസ്‌റ്റ് ഇന്നുണ്ടായേക്കും, ജാമ്യാപേക്ഷ തയ്യാറാക്കി ഫ്രാങ്കോ മുളയ്‌ക്കലിന്റെ അഭിഭാഷകൻ

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (11:01 IST)
കന്യാസ്‌ത്രീ നൽകിയ പീഡന പരാതിയെത്തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യുന്നതിൽ തീരുമാനമായില്ലെന്ന് കോട്ടയം എസ് പി ഹരിശങ്കർ. ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്‌റ്റ് എപ്പോഴാണെന്ന് പറയാൻ കഴിയില്ലെന്നും എസ് പി പറഞ്ഞു. സർക്കാർ അഭിഭാഷകരുടെ അഭിപ്രായം മാത്രമാണ് തേടിയതെന്നും നിയമോപദേശം തേടിയില്ലെന്നും എസ് പി വ്യക്തമാക്കി. 
 
കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യംചെയ്യലിൽ ബിഷപ്പ് നൽകിയ മൊഴി അന്വേഷണ സംഘം വിശദമായി വിലയിരുത്തും. ഇന്നത്തെ ചോദ്യം ചെയ്യൽ കഴിഞ്ഞതിന് ശേഷം അറസ്‌റ്റിന്റെ കാര്യത്തിൽ തീരുമാനമായേക്കും.അതേസമയം ബിഷപ്പിന്റെ അഭിഭാഷകർ ജാമ്യാപേക്ഷ തയാറാക്കി. കുറവിലങ്ങാട് മഠത്തിലെത്തി പൊലീസ് വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കുകയാണ്.
 
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കൽ ചോദ്യം ചെയ്യൽ നേരിടാൻ ഹാജരായിരിക്കുന്നത്. ആദ്യത്തെ ദിവസം 150 ചോദ്യങ്ങളാണ് ബിഷപ്പ് അഭിമുഖീകരിച്ചത്. അതേസമയം, ബിധപ്പിന്റെ മൊഴിയിൽ മാറ്റമുള്ളതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിന് തൃപ്‌തികരമല്ലാത്ത മറുപടികളാണ് ഫ്രാങ്കോ മുളയ്‌ക്കലിൽ നിന്ന് ലഭിച്ചത്.
 
മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെക്കുറിച്ചുമുള്ള ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചിയില്‍ തങ്ങുന്ന ബിഷപ്പ് ഇന്ന് രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകും. ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. 
 
ഇന്നലത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് ശേഷം പോലീസ് 3 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് മൊഴികളിലെ വിശദാംശങ്ങള്‍ സമഗ്രമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ ഉണ്ടാകുക‍. ഇന്നത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷയെന്ന് എസ് പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
 
അതേ സമയം ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് പൊലീസിന് ഇന്ന് നിയമോപദേശം ലഭിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article