കൊവിഡ് മൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തിങ്കളാഴ്‌ച തുറക്കും. പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആശങ്കയുള്ള രക്ഷിതാക്കൾ സാഹചര്യം വിലയിരുത്തിയ ശേഷം കുട്ടികളെ അയച്ചാൽ മതിയാകും.
രണ്ടുഡോസ് വാക്സിൻ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികളേ പാടുള്ളൂ.
ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി പേരെ വെച്ച് വേണം ക്ലാസുകൾ നടത്താൻ.
ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ടുദിവസം) സ്കൂളിൽ വരാം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതിൽത്തന്നെ തുടരണം.
ആദ്യ രണ്ടാഴ്‌ച ഹാജർ ഉണ്ടാകില്ല,കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള കാര്യങ്ങൾക്കായിരിക്കും മുൻതൂക്കം.
ആദ്യഘട്ടത്തിൽ ക്ലാസ് ഉച്ചവരെ മാത്രം, ഉച്ചയ്ക്ക് ശേഷം ഓൺലൈൻ ക്ലാസ് തുടരും. അതേസമയം സ്കൂളുകളിൽ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി 24,300 തെർമൽ സ്കാനറുകൾ വിതരണം ചെയ്‌തതായി മന്ത്രി അറിയിച്ചു. നാളെ സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ തിങ്കളാഴ്ച രാവിലെ 8.30-ന് നടക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, ആന്റണി രാജു, ജി.ആർ അനിൽ എന്നിവർ പങ്കെടുക്കും.