സോളാര്‍ കേസില്‍ സരിത എസ് നായര്‍ മുഖ്യമന്ത്രിക്കു വീണ്ടും പരാതി നല്‍കി. ഈ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. മുൻ സർക്കാരിന്റെ ഭാഗമായ ചിലര്‍ പ്രതിപ്പട്ടികയിലുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെട്ടെന്നും താൻ ഉന്നയിച്ച പരാതികൾ ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഈ കേസില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപി ലോക്നാഥ് ബെഹറയ്ക്കു കൈമാറുകയും ചെയ്തു. ജുഡീഷൽ കമ്മീഷന് മുമ്പ് നൽകിയ പീഡന പരാതികളടക്കം ഈ പരാതിയിൽ സരിത ആവർത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് സോളാർ കേസ് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രൻ സർക്കാരിനു കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാമെന്നും എന്തു ഭവിഷ്യത്തും നേരിടാൻ തയാറാണെന്നുമായിരുന്നു ഹേമചന്ദ്രന്റെ കത്തിൽ പറയുന്നത്.