മൈക്കും ക്യാമറയും കാണുമ്പോള്‍ മോട്ടോര്‍ കണ്ട കാളക്കൂറ്റന്റെ പരാക്രമമാണ് പിസിക്ക്: ശാരദക്കുട്ടി

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (13:24 IST)
പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും പരാതി നൽകിയ കന്യാസ്ത്രീയെ മോശക്കാരിയാക്കിയും ചിത്രീകരിച്ച എംഎല്‍എ പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. 
 
കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ മാന്യതയും അന്തസ്സും ചവിട്ടിതേയ്ക്കുന്ന പി സി ജോര്‍ജ് മര്യാദ പഠിക്കുന്നതു വരെ മാധ്യമ ഭ്രഷ്ട് കല്‍പിച്ചു കൂടെയെന്ന് ശാരദക്കുട്ടി ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി മാധ്യമങ്ങളോട് ഈ ആവശ്യം ഉന്നയിച്ചത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു നല്‍കിയ കന്യാസ്ത്രീയാണ് ബലാല്‍സംഗത്തിനെതിരെ പരാതി നല്‍കിയിരിക്കുന്ന’തെന്ന് മറ്റേടത്തെ ങഘഅ പരിഹസിക്കുന്നു. വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണ്. പോയിന്റ് നോട്ട് ചെയ്യു. തിരുവായ് മൊഴികള്‍ തിങ്കളാഴ്ച വീണ്ടുമുണ്ടാകുമെന്നൊരു ഭീഷണിയുമുണ്ട് പത്രക്കാരോട്.
 
സ്ത്രീസമൂഹത്തിന്റെ മാന്യതക്കും അന്തസ്സിനും വേണ്ടി നിരന്തരം സമരത്തിലേര്‍പ്പെട്ടിരിക്കുന്ന, വിജയത്തിലെത്താന്‍ അവര്‍ക്കൊപ്പം എല്ലായ്‌പോഴും നിലകൊള്ളുന്ന ദൃശ്യ-ശ്രാവൃ- പ്രിന്റ് മാധ്യമങ്ങളോട് എല്ലാ നന്ദിയോടെയും ബഹുമാനത്തോടെയും ചോദിക്കട്ടെ, കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ മാന്യതയും അന്തസ്സും ചവിട്ടിത്തേക്കുന്ന ഇയാളെ ബഹിഷ്‌കരിച്ചു കൂടെ? ഇനി മേലില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഞങ്ങളുടെ ചാനല്‍ /പത്രം പ്രസിദ്ധീകരിക്കുകയില്ല എന്നൊരു പ്രതിജ്ഞ എടുത്തു കൂടെ? പി സി ജോര്‍ജ് മര്യാദ പഠിക്കുന്നതു വരെ അയാള്‍ക്ക് മാധ്യമ ഭ്രഷ്ട് കല്‍പ്പിക്കുന്നു എന്നൊരു തീരുമാനമെടുത്തു കൂടെ? മൈക്കും ക്യാമറയും കാണുമ്പോള്‍ ഇയാളുടെ ശരീരഭാഷ കണ്ടാല്‍, മോട്ടോര്‍ കണ്ട കളക്കൂറ്റന്റെ പരാക്രമം എന്ന ചങ്ങമ്പുഴയുടെ ഉപമയാണോര്‍മ്മ വരിക.
 
കന്യാസ്ത്രീകള്‍ക്കൊപ്പം വിജയം വരെ നിലകൊണ്ട മാധ്യമങ്ങളുടെ ആത്മാര്‍ഥതയില്‍ വിശ്വസിക്കുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള അഭ്യര്‍ഥനയായി ഇത് കണക്കാക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article