കന്യാസ്‌ത്രീയുടെ പരാതിയിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ഫ്രാങ്കോയുടെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.
കന്യാസ്‌ത്രീയ്‌ക്കെതിരെയുള്ള പരാതിയിൽ താൻ നടപടി സ്വീകരിച്ചതുകൊണ്ടുള്ള വൈരാഗ്യമാണ് ഇത്തരത്തിലേക്കൊരു കേസിലേക്ക് വഴിതെളിച്ചതെന്ന് ഫ്രാങ്കോ ഹർജിയിൽ ഉന്നയിക്കുന്നു. കസ്റ്റഡിയില്‍ ഇരിക്കെ തന്റെ വസ്ത്രങ്ങള്‍ അടക്കം നിര്‍ബന്ധപൂര്‍വം വാങ്ങിയ പൊലീസ്, കേസില്‍ കള്ളതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പൊലീസിന്റെ നിലപാട് അറിയാനായി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പാല മജിസ്ട്രേറ്റ് കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പാല സബ് ജയിലിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോൾ ഉള്ളത്‍. ഒക്ടോബര്‍ ആറുവരെയാണ് ബിഷപ്പിനെ പാല കോടതി റിമാന്‍ഡ് ചെയ്തത്.