രാഹുല്‍ ഔട്ട്, സന്ദീപ് ഇന്‍; പാലക്കാട് സീറ്റില്‍ ധാരണയായി

രേണുക വേണു

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (10:33 IST)
Sandeep Varrier and Rahul Mamkootathil

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റിലേക്ക് കോണ്‍ഗ്രസ് പരിഗണനയില്‍ സന്ദീപ് വാര്യര്‍. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനു ഇനി പാലക്കാട് സീറ്റ് നല്‍കില്ല. സിറ്റിങ് എംഎല്‍എയായ രാഹുല്‍ പാലക്കാട് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഡിസിസിക്ക് കടുത്ത വിയോജിപ്പുണ്ട്. 
 
ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലേക്ക് എത്തി. ഈ പട്ടികയിലാണ് പാലക്കാട് സീറ്റും ഉള്‍പ്പെട്ടിരിക്കുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യര്‍ക്ക് വിജയസാധ്യതയുള്ള പാലക്കാട് സീറ്റ് നല്‍കണമെന്ന് ഡിസിസിയിലെ വലിയൊരു വിഭാഗം കെപിസിസിയോടു ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഡിസിസി നേതൃത്വം കെപിസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിക്കേണ്ടതില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെയും നിലപാട്. 
 
രാഹുല്‍ ആരോപണവിധേയനായതോടെ 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ ഷാഫി പറമ്പില്‍ എംപി ആഗ്രഹിക്കുന്നുണ്ട്. ഷാഫിയുടെ ഈ ആഗ്രഹത്തെ മുളയിലേ നുള്ളുകയാണ് സന്ദീപിനെ കൊണ്ടുവരുന്നതിലൂടെ പാലക്കാട് ഡിസിസിയുടെ ലക്ഷ്യം. വടകര എംപിയായ ഷാഫി ലോക്സഭാ മണ്ഡലം ഉപേക്ഷിച്ച് പാലക്കാട് വരുന്നതില്‍ ജില്ലാ നേതൃത്വത്തിനു എതിര്‍പ്പുണ്ട്. 
 
പാര്‍ട്ടി പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം ചേര്‍ന്നുനില്‍ക്കുന്നവരാണ് ഷാഫിയും രാഹുലും. ഈ കൂട്ടുകെട്ട് തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് അഭിപ്രായമുള്ളവരും പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഉണ്ട്. രാഹുലിനും ഷാഫിക്കും എതിരായി കെപിസിസിയെ നേതൃത്വത്തെ സമീപിച്ചതും ഈ നേതാക്കളാണ്. 
 
രാഹുലിനെ മറ്റൊരു സുരക്ഷിത മണ്ഡലത്തിലേക്ക് മാറ്റി തന്റെ മുന്‍ സീറ്റായ പാലക്കാട്ടേക്ക് വരികയായിരുന്നു ഷാഫിയുടെ ലക്ഷ്യം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം കിട്ടാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ഷാഫിക്കായി പാലക്കാട് ഒഴിയാനും രാഹുല്‍ സന്നദ്ധനായിരുന്നു. ഇതിനിടയിലാണ് രാഹുലിനെതിരായ ആരോപണങ്ങള്‍ ഉയരുന്നത്. ഇതോടെ ഷാഫിയുടെ പാലക്കാട് മോഹത്തിനും തിരിച്ചടിയേറ്റു. വടകര എംപിയായ ഷാഫി പാലക്കാട് മത്സരിക്കേണ്ടതില്ലെന്ന് ഡിസിസിക്കുള്ളില്‍ തീരുമാനമായതായാണ് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍