Exclusive: റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് ഹേമ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു; കാരണം ഇതാണ്

രേണുക വേണു
ചൊവ്വ, 20 ഓഗസ്റ്റ് 2024 (13:08 IST)
Exclusive: മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് കമ്മിറ്റി തന്നെ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചു. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉള്ളടക്കത്തിലെ രഹസ്യാത്മകത ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തിയത്. 
 
കമ്മിറ്റിക്ക് മുന്‍പാകെ തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറയാന്‍ പല നടിമാരും മടിച്ചിരുന്നു. കമ്മിറ്റിയെ അറിയിക്കുന്ന കാര്യങ്ങള്‍ പുറത്തു പോകുമോ എന്ന പേടിയായിരുന്നു പലര്‍ക്കും. ഇതേ തുടര്‍ന്നാണ് പൂര്‍ണമായി സ്വകാര്യത മാനിക്കപ്പെടുമെന്ന് ഹേമ കമ്മിറ്റി ഉറപ്പു നല്‍കുകയായിരുന്നു. ഇക്കാരണത്താലാണ് കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന നിലപാടിലേക്ക് ജസ്റ്റിസ് ഹേമയും കമ്മിറ്റി അംഗങ്ങളും എത്തിയത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നേരത്തെയുള്ള വിവരാവകാശ കമ്മീഷനും പറഞ്ഞിരുന്നു. 
 
വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് ഇപ്പോള്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമാ രംഗത്തെ എല്ലാ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article