തത്കാലം ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനില്ലെന്ന നിലപാടിൽ സർക്കാർ

തുമ്പി ഏബ്രഹാം
വെള്ളി, 15 നവം‌ബര്‍ 2019 (08:42 IST)
ശബരിമല യുവതീപ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും തത്കാലം സന്നിധാനത്തേയ്ക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍. തത്കാലം ശബരിമലയിലേയ്ക്ക് യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ വ്യക്തമാക്കി. കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായതു പോലെ സ്ത്രീകളെ പോലീസ് സംരക്ഷണത്തിൽ മല കയറ്റില്ലെന്നാണ് മന്ത്രിയുടെ നിലപാട്. സുപ്രീം കോടതിയുടെ ഇന്നലത്തെ വിധിയിൽ യുവതീപ്രവേശനം സ്റ്റേ ചെയ്യുന്നതിനെപ്പറ്റി പരാമര്‍ശമില്ലാത്ത സാഹചര്യത്തിൽ വിഷയം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.
 
മല കയറാനായി യുവതികളെത്തിയാലും സുരക്ഷാകാരണം പറഞ്ഞ് അവരെ തടയുമെന്നാണ് സൂചന. അതേസമയം, സ്റ്റേ ചെയ്യാത്ത വിധി നടപ്പാക്കിയില്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്ന പ്രശ്നം സര്‍ക്കാരിന് മുന്നിലുണ്ട്. ഏതാനും യുവതികള്‍ ഇതിനോടകം ശബരിമല പ്രവേശനത്തിനായി മുപ്പതോളം സ്ത്രീകള്‍ ഓൺലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യുവതികളെ പ്രവേശിപ്പിച്ചേ തീരൂ എന്ന അന്ത്യശാസനം കോടതിയിൽ നിന്ന് ലഭിക്കാനായി സര്‍ക്കാര്‍ കാത്തു നിന്നേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. കേസ് വിശാല ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ നിയമവിിദഗ്ധരുടെ കൂടി ഉപദേശം സ്വീകരിച്ചായിരിക്കും സര്‍ക്കാര്‍ മുന്നോട്ടു പോകുക.

അനുബന്ധ വാര്‍ത്തകള്‍

Next Article