ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി - നിലപാട് മാറ്റരുതെന്ന് സര്‍ക്കാരും ബോര്‍ഡും

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (19:30 IST)
ശബരിമല പുനപരിശോധനാ ഹര്‍ജികളിലുള്ള വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. വാദിക്കാന്‍ അവസരം ലഭിക്കാത്ത അഭിഭാഷകരോട് എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

55 പുനഃപരിശോധന ഹർജികളാണ് കോടതി ഇന്നു പരിഗണിച്ചത്. ഇതിൽ ആറു പേർക്കു മാത്രമാണു വാദിക്കാൻ അവസരം ലഭിച്ചത്. മൂന്നര മണിക്കൂർ വാദം നീണ്ടു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിധിയെ പിന്തുണച്ച് പുനഃപരിശോധന ഹർജിയെ എതിർത്തു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാനത്തിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത സ്വീകരിച്ചത്. തുല്യതയാണു വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. ആചാരകാര്യത്തില്‍ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണ്. അതു പുനഃപരിശോധനയ്ക്ക് തക്ക കാരണമല്ല. വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

ശബരിമലയിലെ യുവതീപ്രവേശത്തെ പിന്തുണയ്ക്കുകയായിരുന്നു ദേവസ്വം ബോർഡ്‌. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാവില്ലെന്ന് ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു.
നേരത്തെ യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ് സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. പ്രധാന വിഷയങ്ങള്‍ കോടതിയുടെ പരിഗണനയില്‍ എത്തിയില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article