വ്യോമ അതിര്‍ത്തി അടച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് അത്യാധുനിക ജാമിങ് സംവിധാനം വിന്യസിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും വ്യോമ അതിര്‍ത്തി അടച്ചതിനു പിന്നാലെയുമാണ് പാക് വിമാനങ്ങള്‍ ഉപയോഗിക്കുന്ന സിഗ്‌നലുകളെ തടസ്സപ്പെടുത്തുന്നതിനായി ഇന്ത്യ ജാമിങ് സംവിധാനം വിന്യസിച്ചത്.
അമേരിക്കയുടെ ജിപിഎസ്, റഷ്യയുടെ ഗ്ലോനാസ്, ചൈനയുടെ ബെയ്ഡൗ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം ഉപഗ്രഹാധിഷ്ഠിത നാവിഗേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ജാമിങ് സംവിധാനങ്ങള്‍ക്ക് കഴിയും. ഇന്ത്യ ഭീകരാക്രമണത്തിന് തിരിച്ചടികള്‍ തുടങ്ങിയതോടെ പാക്കിസ്ഥാന്‍ അടിയന്തരമായി വ്യോമ മേഖല അടച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യയും വ്യോമ മേഖല അടച്ചത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎ കണ്ടെത്തി.
ആശയവിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മ്മിതമാണെന്ന് എന്‍ഐഎ കണ്ടെത്തി. പരസ്പര ആശയവിനിമയത്തിനായി ഇന്ത്യ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും ചൈനീസ് സാറ്റലൈറ്റ് ഫോണുകളും തീവ്രവാദികളും ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.