ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാന്‍ പൗരന്മാര്‍; തിരിച്ചെത്തിയത് 1376 ഇന്ത്യക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 ഏപ്രില്‍ 2025 (12:00 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര നടപടികളെ തുടര്‍ന്ന് ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാന്‍ പൗരന്മാര്‍. കൂടാതെ ഇന്ത്യയില്‍ 1376 പേര്‍ തിരിച്ചെത്തി. അട്ടാരി -വാഗ അതിര്‍ത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് ആളുകള്‍ മടങ്ങിയെത്തിയത്. നേരത്തെ പാക് പൗരന്മാര്‍ ഏപ്രില്‍ 27ന് മുന്‍പ് ഇന്ത്യ വിട്ടു പോകണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
 
അതേസമയം മെഡിക്കല്‍ വിസയിലെത്തിയവര്‍ക്ക് 29 വരെ ഇളവ് നല്‍കിയിരുന്നു. നയതന്ത്ര, ഉദ്യോഗ, ദീര്‍ഘകാല വിസ ഉള്ളവര്‍ക്ക് ഇന്ത്യയില്‍ തുടരാനുള്ള അനുമതി നല്‍കിയിരുന്നു. പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ എടുത്ത നടപടിയുടെ തുടര്‍ച്ചയായിരുന്നു ഇത്. ഏപ്രില്‍ 24 മുതലാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പാക് പൗരന്മാര്‍ മടങ്ങി തുടങ്ങിയത്. പാക്കിസ്ഥാനിലേക്ക് നേരിട്ട് വിമാന സര്‍വീസില്ലാത്തതിനാല്‍ ദുബായി പോലുള്ള റൂട്ടുകള്‍ വഴിയാണ് പലരും മടങ്ങിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 
 
ഏപ്രില്‍ 29ന് ശേഷം ഇന്ത്യയില്‍ തുടരുന്ന പൗരന്മാരെ അനധികൃത താമസക്കാരായി കണക്കാക്കും. അതേസമയം ഇന്ത്യന്‍ കരസേനയുടെ വെബ്സൈറ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം തകര്‍ത്തതായി കരസേന അറിയിച്ചു. ശ്രീനഗര്‍, റാണിക്കേറ്റ് എന്നിവിടങ്ങളിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമമാണ് തകര്‍ത്തത്. കൂടാതെ ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തി. ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തിയ നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേനാ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍