'അമ്മ'യിൽ നിന്ന് രാജിവെച്ച് പുറത്തുപോയ നടിമാർക്ക് തിരികെ സംഘടനയുടെ ഭാഗമാകണമെങ്കിൽ മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ 'അമ്മ'യുടെ സെക്രട്ടറിയും നടനുമായ സിദ്ദിഖും കെ പി എ സി ലളിതയും വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് മറുപടിയുമായി ഡബ്ല്യൂസിസി അംഗം റിമ കല്ലിങ്കൽ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ഡബ്ല്യൂസിസിയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. 'വര്‍ഷങ്ങള്‍ക്ക് മുന്നേ അടൂർഭാസിയിൽ നിന്നും തനിക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ വ്യക്തിയാണ് ലളിതാമ്മ. ഇൻഡസ്ട്രിയിൽ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങൾ ചിലർ മൂടിവെയ്ക്കുന്നതെന്തിനാണെന്ന് ലളിതാമ്മയ്ക്കും അറിയാവുന്ന കാര്യമാണ്. അതൊന്നു ചിന്തിച്ച് കഴിഞ്ഞാൽ മനസ്സിലാകും വർഷങ്ങളോളം ചില സ്ത്രീകള്‍ നിശബ്ദരായി ഇരുന്നതിന്റെ കാരണം' എന്ന് റിമ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഇങ്ങനെ നിൽക്കുന്നവരോട് സഹതാപം മാത്രമാണ്. കാരണം അവർക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല. ഇനി തിരിച്ചുവരാൻ ഞങ്ങൾ മാപ്പ് അപേക്ഷിക്കണമെന്നാണ് അവർ പറയുന്നതെങ്കിൽ ‘ഗോ ടു ഹെൽ’ എന്നാണ് പറയാനൊള്ളൂ'.
'ഞങ്ങളുടെ രാജി സ്വീകരിക്കുന്നതിന് രണ്ടാമതൊന്നും 'അമ്മ'യ്‌ക്ക് ചിന്തിക്കേണ്ടി വന്നില്ല. എന്നാൽ ദിലീപിന്റെ രാജി സ്വീകരിക്കുന്നതിനെപ്പറ്റി അവർ ഇപ്പോഴും ചിന്തിക്കുകയാണ്. ഇവർക്ക് അഭിനയിക്കാൻ സിനിമകളുണ്ട്, നിർമാതാക്കളുണ്ട് ടിവി ചാനലുകളിൽ നിന്നും ഫാൻ ക്ലബുകളിൽ നിന്നും പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇക്കൂട്ടരെ വെളിച്ചത്തുകൊണ്ടുവരാൻ തീരുമാനിച്ചത്. സിനിമാ ഇൻഡസ്ട്രിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആളുകളും അറിയണം. അവർ കാണിക്കുന്നതുപോലെ പരസ്പര സ്നേഹമോ കുടുംബബന്ധമോ അല്ല, പൊട്ടിത്തെറിക്കാറായി നിൽക്കുന്ന പ്രഷർ കുക്കറിന്റെ അവസ്ഥയാണ് അവിടെ' എന്നും റിമ പറഞ്ഞു.