ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

അഭിറാം മനോഹർ

ചൊവ്വ, 8 ജൂലൈ 2025 (19:29 IST)
K Rajan
എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്ന ആശയം മുന്‍നിര്‍ത്തി കേരളം നടപ്പിലാക്കിയ ഡിജിറ്റല്‍ സര്‍വ്വേ രാജ്യത്തിന് തന്നെ മാതൃകയെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാഷണല്‍ സര്‍വ്വേ കോണ്‍ക്ലേവിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.  സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിനു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത തരത്തില്‍ വേഗതയിലും സുതാര്യമായും ജനപങ്കാളിത്തത്തോടും കൂടിയാണ് കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നാഷണല്‍ സര്‍വേ കോണ്‍ക്ലേവില്‍ പങ്കെടുത്തത്.ഡിജിറ്റല്‍ സര്‍വേയിലൂടെ ഒന്നര വര്‍ഷത്തിനിടെ നാലരലക്ഷം ഹെക്ടര്‍ ഭൂമിയാണ് കേരളത്തില്‍ അളന്നു തീര്‍ത്തത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും വളരെ ഫലപ്രദമായി നടപ്പിലാക്കിയ പട്ടയ മിഷനുകളിലൂടെയും അദാലത്തുകളിലൂടെയും ഒമ്പത് വര്‍ഷത്തിനിടെ നാലു ലക്ഷത്തില്‍ പരം ഭൂവുടമകളെ ഉണ്ടാക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ അറുന്നൂറോളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി മാറി. ഇതിന്റെ ഭാഗമായി പൂര്‍ണ്ണമായും റവന്യൂ  ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട പതിനാലോളം  രേഖകള്‍ ചിപ്പ് ഘടിപ്പിച്ച ഒറ്റ കാര്‍ഡില്‍ ഉള്‍പ്പെടുത്തി റവന്യൂ കാര്‍ഡുകളായി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍