കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം ചൂട് പിടിച്ചു നില്‍ക്കവെ നിലപാട് വ്യക്തമാക്കി നടിയും സംവിധായികയുമായ രേവതി.
സിനിമാ രംഗത്തുള്ള പുരുഷന്മാര്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമാണിത്. പെണ്ണുങ്ങള്‍ നോ പറയുന്നതിന്റെ അര്‍ഥം നോ എന്നു തന്നെയാണ്. അതിനു മറ്റ് അര്‍ഥങ്ങള്‍ ഒന്നുമില്ല. നിലവിലെ സംഭവ വികാസങ്ങളിലൂടെ അത് മനസിലാക്കാനുള്ള സമയമായെന്ന് തിരിച്ചറിയണമെന്നും രേവതി ഓര്‍മിപ്പിച്ചു.
ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു രേവതി.
19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്യുമായിരുന്നു. പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.
പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതിയുടെ ആരോപണങ്ങള്‍ മുകേഷ് തള്ളി.