‘ഇക്കാര്യം തന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു’; മുകേഷ് വിഷയത്തില്‍ കൂടുതല്‍ തുറന്നു പറഞ്ഞ് യുവതി
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (11:05 IST)
താന്‍ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് എംഎൽഎയും നടനുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാരോപണം ഉന്നയിച്ച കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ്.
തന്റെ വെളിപ്പെടുത്തല്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവരുടെ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ടെസ് വ്യക്തമാക്കി.
എന്റെ ജീവിതം രാഷ്‌ട്രീയ മുതലെടുപ്പിനുള്ളതല്ല. സ്‌ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്‌തത്. മുകേഷില്‍ നിന്നുണ്ടായ അനുഭവം വീട്ടുകാര്‍ക്കും താനുമായി അടുപ്പമുള്ളവര്‍ക്കും അറിയാവുന്നതാണ്. തുറന്നു പറയാന്‍ ഒരു സാഹചര്യം ഇല്ലാത്തതിനാലാണ് ഇതുവരെ മൗനം പാലിച്ചതെന്നും ടെസ് പറഞ്ഞു.
സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ ഒരു സെല്‍ രൂപീകരിക്കാന്‍ വേണ്ടിയും തൊഴിലിടം കൂടുതല്‍ സുരക്ഷിതമാക്കാനുമാണ് ഞാന്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ട്വീറ്റ് ചെയ്തതെന്നും ടെസ് കൂട്ടിച്ചേര്‍ത്തു.
19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.
പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റില്‍ വ്യക്തമാക്കി.
അതേസമയം, ടെസ് ജോസഫിന്റെ ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് മുകേഷ് വ്യക്തമാക്കി. ടെസ് ആരോപിച്ചത് പോലെയുള്ള ലൈംഗിക പീഡനശ്രമം ഓര്‍മ്മയില്ല. അതിനാല്‍ ആരോപണത്തെ ഗൗരവമായി എടുക്കുന്നില്ല. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. താനൊരു എംഎല്‍എ ആയതു കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞു.