ഒരു എം‌എല്‍‌എയെ കിട്ടിയപ്പോള്‍ സംഘപരിവാറിന് ആരെയും ആക്രമിക്കാന്‍ ധൈര്യം, ആ ധാര്‍ഷ്‌ട്യം അവസാനിക്കുകതന്നെ ചെയ്യും: കുരീപ്പുഴ

Webdunia
വ്യാഴം, 22 ഫെബ്രുവരി 2018 (16:37 IST)
തനിക്കെതിരെ സംഘപരിവാര്‍ നുണപ്രചരണം നടത്തുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ‘അക്ഷരങ്ങള്‍ക്ക് അയിത്തമില്ല, ചിന്തകള്‍ക്ക് വിലക്കുമില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരത്ത് എ ഐ വൈ എഫ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കുരീപ്പുഴയുടെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍: 
 
ഒരു എം എല്‍ എയെ കിട്ടിയപ്പോള്‍ ബി ജെ പിക്ക് ധാര്‍ഷ്ട്യമാണ്. അവര്‍ക്ക് ആരെയും ആക്രമിക്കാനുള്ള ഇച്ഛാശക്തി തോന്നിത്തുടങ്ങി. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ ഒരു എംഎല്‍എയെ നഷ്ടപ്പെട്ടുപോകുമ്പോള്‍ ഈ ധാര്‍ഷ്ട്യം അവസാനിക്കുകയും ചെയ്യും. തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്ന ഒരു ധാര്‍ഷ്ട്യമല്ല ഇത്. 
 
ഈ വിപത്ത് വയലാര്‍ രാമവര്‍മ്മ നേരത്തേ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കക്ഷിരാഷ്ട്രീയത്തിന്‍റെ കവിതയില്‍ പറയുന്നത് - ഗ്രഹണത്തിന്‍റെ സമയത്ത് ഞാഞ്ഞൂലുകളെല്ലാം ചേര്‍ന്ന് ഒരു കുമിളിന്‍റെ ചുവട്ടിലെത്തി ഒരു തീരുമാനമെടുത്തു എന്നാണ്. ‘ഗ്രഹണത്തിന് വിഷമിത്തിരി കിട്ടുമ്പോള്‍ ഞങ്ങളീ ഗഗനവും ഭൂമിയും ശൂന്യമാക്കും’ - ഇതായിരുന്നു അവരുടെ തീരുമാനം. കവി അതിന് നല്‍കുന്ന മറുപടി - ‘ഞാഞ്ഞൂലിന്‍ വിഷമേറ്റ് മരിച്ചിട്ടില്ല ഇവിടത്തെ ചിതലിന്‍റെ കുഞ്ഞുപോലും’ എന്നായിരുന്നു. അതാണ് ഇവിടെയും സംഭവിക്കുന്നത്.
 
സംഘപരിവാര്‍ ഇവിടെ പ്രചരിപ്പിക്കുന്ന ഒരു കാര്യവും ഞാന്‍ അന്നത്തെ ആ യോഗത്തില്‍ പറഞ്ഞിട്ടില്ല. അത് പറയാനുള്ള ഒരു വേദിയായിരുന്നില്ല അത്. ഒരു പൊതുസ്ഥലം നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൊടുക്കണം എന്ന് മാത്രമാണ് ഞാന്‍ അന്ന് പറഞ്ഞത്. കേരളത്തിലെ ഒരുപാട് പൊതുസ്ഥലങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. കൊല്ലത്തെ റെയില്‍‌വെ മൈതാനം എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയി. കെ ബാലകൃഷ്ണനും ഇ എം എസും സി കേശവനും എം എന്‍ ഗോവിന്ദന്‍‌നായരുമെല്ലാം പ്രസംഗിച്ച ഒരു മൈതാനമാണത്. ഇനി തിരിച്ചുകിട്ടാത്ത രീതിയില്‍ അത് കെട്ടിയടയ്ക്കപ്പെട്ടുപോയി. അതുപോലെ നമുക്ക് നഷ്ടപ്പെട്ടുപോയത് എത്ര മൈതാനങ്ങളാണ്.
 
തൃശൂരിലെ തേക്കിന്‍‌കാട് മൈതാനം ഈ രീതിയില്‍ ഇന്ന് നിലനില്‍ക്കുന്നത് അച്യുതമേനോന്‍ അടക്കമുള്ള മഹാപ്രതിഭകള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ഇപ്പോള്‍ അത് തേക്കിന്‍കാട് മൈതാനം അല്ലാതായി മാറുന്നു. വടക്കുംനാഥ ക്ഷേത്രം വക മൈതാനം എന്ന് അവിടെ ബോര്‍ഡ് വച്ചിരിക്കുന്നു. ഫാദര്‍ വടക്കന്‍ കൂട്ട കുര്‍ബാന നടത്തിയ മൈതാനമാണത്. നിരീശ്വരവാദിയായ ജവഹര്‍ലാല്‍ നെഹ്‌റു വന്ന് പ്രസംഗിച്ച സ്ഥലം. സരോജിനി നായിഡു വന്ന് പ്രസംഗിച്ച സ്ഥലമാണത്. അത് എത്രകാലം ഇങ്ങനെ നിലനിര്‍ത്താന്‍ കഴിയും എന്നറിയില്ല.
 
പടയമ്പാടിയില്‍ നൂറ്റാണ്ടുകളായി ദളിതര്‍ പെരുമാറിക്കൊണ്ടിരുന്ന ഒരേക്കര്‍ സ്ഥലം ഒരു സുപ്രഭാതത്തില്‍ വന്‍‌മതില്‍ കെട്ടി അടയ്ക്കുകയാണ്. രണ്ടാള്‍ പൊക്കത്തിലുള്ള മതില്‍. പുലയന്‍റെ നിഴല്‍ പോലും ഇനി ഇവിടെ വീഴരുത് എന്നുപറഞ്ഞാണ് അത് കെട്ടിയടയ്ക്കുന്നത്. അത് കെട്ടിയടച്ചത് എന്‍ എസ് എസുകാരാണ്. ദളിത് സമുദായത്തില്‍ പെട്ടവരെല്ലാം ചേര്‍ന്ന് ആ വന്‍‌മതില്‍ പൊളിച്ചുകളഞ്ഞു. എന്നിട്ട് അവിടെ സത്യഗ്രഹം ആരംഭിച്ചു. ഇനി ഈ ജാതിമതില്‍ ഉയര്‍ത്തരുത് എന്നായിരുന്നു ആവശ്യം. എന്‍ എസ് എസ് പൊലീസില്‍ പരാതി കൊടുത്തു. പൊലീസുകാര്‍ വന്ന് സത്യഗ്രഹ പന്തല്‍ അഴിച്ചുമാറ്റി. അവര്‍ തൊട്ടടുത്തുള്ള വേറൊരു സ്ഥലത്ത് സത്യഗ്രഹമാരംഭിച്ചു. കേരളത്തിന്‍റെ മുഴുവന്‍ ശ്രദ്ധ ഈ സംഭവത്തിലേക്ക് കൊണ്ടുവരാനായി അവര്‍ ഒരു ആത്മാഭിമാന കണ്‍‌വന്‍ഷന്‍ സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന്.
 
ഈ കണ്‍‌വ‌ന്‍ഷനെ പരാജയപ്പെടുത്താന്‍ എന്‍ എസ് എസ്, ആര്‍‌എസ്‌എസിന്‍റെ സഹായം തേടി. ആര്‍ എസ് എസുകാര്‍ അവിടെ വന്നിട്ട് സത്യഗ്രഹമിരിക്കുന്ന ദളിതരുടെ മുഖത്തുനോക്കി വിളിച്ച മുദ്രാവക്യങ്ങള്‍ നിങ്ങള്‍ ടിവിയില്‍ കേട്ടുകാണും. ‘മാവോയിസ്റ്റുകളേ ചെറ്റകളേ’ എന്നാണ് അവര്‍ വിളിച്ചത്. മാവോ എന്നൊരാള്‍ ചൈന എന്ന രാജ്യത്ത് ജീവിച്ചിരുന്നതായിപ്പോലും ആ പാവപ്പെട്ട ദളിത് സത്യഗ്രഹികള്‍ക്ക് അറിയുമായിരുന്നില്ല. പക്ഷേ അവരെയെല്ലാം ഇപ്പോള്‍ മാവോയിസ്റ്റുകളാക്കി മാറ്റിക്കഴിഞ്ഞു. കേരളത്തിന്‍റെ വിവിധ ഭാഗത്തുനിന്ന് ആത്മാഭിമാന കണ്‍‌വന്‍ഷനില്‍ പങ്കെടുക്കാന്‍ വന്നവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുചെന്നിരുത്തുകയാണ് പൊലീസുകാര്‍ ചെയ്തത്. മീറ്റിംഗ് കലക്കിയവര്‍, മുദ്രാവാക്യം വിളിച്ച് അധിക്ഷേപിച്ചവരൊക്കെ സുരക്ഷിതരായി വീടുകളിലേക്ക് പോവുകയും ചെയ്തു. തോറ്റുപോയി. നമ്മള്‍ തോറ്റുപോയി.
 
അങ്ങനെ ജനങ്ങളെ തോല്‍പ്പിക്കുവാന്‍ ആര്‍ എസ് എസിന് ധൈര്യം കൊടുത്തത് എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ നടന്ന ഒരു സംഭവമാണ്. രണ്ട് തവണ അക്കാദമി അവാര്‍ഡ് കിട്ടിയ അശാന്തന്‍ എന്നൊരു കലാകാരന്‍ മരിച്ചപ്പോള്‍ ദര്‍ബാര്‍ ഹാളിന് മുമ്പില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ലളിതകലാ അക്കാദമി തീരുമാനിക്കുന്നു. അപ്പോള്‍ ഖദര്‍ കുപ്പായമിട്ട ഒരു വലതുപക്ഷക്കാരന്‍ വന്നുപറഞ്ഞു, ഇത് എറണാകുളത്തപ്പന്‍റെ അടുത്തുകൂടിയുള്ള സ്ഥലമാണ്, ആ മൃതശരീരം അതിലേ കൊണ്ടുവരാന്‍ പറ്റില്ല എന്ന്. ദൈവമില്ലാത്തിടത്തുകൂടെ മാത്രമേ മൃതശരീരം കൊണ്ടുപോകാന്‍ പറ്റൂ എങ്കില്‍ ആലോചിച്ചുനോക്കുക, അവര്‍ പറയുന്നത് ദൈവം എല്ലായിടത്തുമുണ്ടെന്നാണ്. മൃതശരീരങ്ങള്‍ ഏതുവഴി കൊണ്ടുപോകും?
 
ദര്‍ബാര്‍ ഹാള്‍ കൂടി അവര്‍ക്ക് ലഭിക്കുകയാണെങ്കില്‍ എറണാകുളത്തപ്പന്‍റെ പ്രദേശമെന്ന രീതിയില്‍ ആ സ്ഥലം മുഴുവന്‍ അവര്‍ക്ക് കൈയടക്കി വയ്ക്കാന്‍ കഴിയും. ഇതായിരുന്നു ഇതിന് പിന്നിലുള്ള ഗൂഢോദ്ദേശ്യം. പക്ഷേ അവര്‍ വിജയിക്കുകയാണ്. പൊലീസുകാരും അവര്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയാണ്. അശാന്തന്‍റെ മൃതശരീരം അവിടെ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സാധിച്ചില്ല. 
 
ഇങ്ങനെ ഒരനുഭവം ഭാവിയില്‍ ഉണ്ടാകാതെയിരിക്കണം എങ്കില്‍ ജാതിക്കും മതത്തിനും അതീതമായ ഒരു ജാഗ്രത നമ്മള്‍ പുലര്‍ത്തേണ്ടതുണ്ട്. ഇതാണ് ഞാന്‍ അവിടെ പറഞ്ഞത്. ഇതിന് അനുബന്ധമായി എല്ലാ പുസ്തകങ്ങളും കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കണം എന്നും പറഞ്ഞു. ബൈബിളും ഖുറാനും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഭഗവത്‌ഗീതയും അടക്കമുള്ള എല്ലാ പുസ്തകങ്ങളും കുഞ്ഞുങ്ങള്‍ക്ക് വായിക്കാന്‍ കൊടുക്കണം എന്നുപറഞ്ഞു. 
 
എന്നാല്‍ അവര്‍ പിറ്റേദിവസം തൊട്ട് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ഞാന്‍ അവിടെ പറയാത്ത കാര്യങ്ങളാആണ്. ഈ രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് അവര്‍ പൊലീസില്‍ പരാതി കൊടുത്തു. അവര്‍ പറഞ്ഞ പരാതി ഞാന്‍ ചിന്തിക്കാത്ത കാര്യങ്ങളാണ്. 
 
എറണാകുളത്തപ്പന്‍റെ അമ്പലം ഇടിച്ചുകളഞ്ഞിട്ട് അവിടെ കുഴി കക്കൂസ് ഉണ്ടാക്കണം എന്ന് ഞാന്‍ പറഞ്ഞു എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ബ്രഹ്മാവിന്‍റെ ശിരസ് ഫെവിക്കോള്‍ വച്ച് ഒട്ടിച്ചതാണെന്ന് ഞാന്‍ പറഞ്ഞു എന്നും അവര്‍ പറയുന്നു. ഞാന്‍ പറഞ്ഞിട്ടില്ല. അന്ന് ഫെവിക്കോള്‍ ഇല്ലെന്നെങ്കിലും എനിക്കറിയാമല്ലോ. ശബരിമല അയ്യപ്പന്‍ സ്വവര്‍ഗരതിയുടെ സന്തതിയാണെന്ന് ഞാന്‍ പറഞ്ഞു എന്നാണ് മറ്റൊരു ആരോപണം. അത് ഞാന്‍ പറഞ്ഞതല്ല, ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞതാണ്. ഇതെല്ലാം എന്‍റെ തലയില്‍ കെട്ടിവച്ച് അവര്‍ പൊലീസില്‍ പരാതി കൊടുത്തു.
 
പൊലീസുകാര്‍ അവിടെ വന്ന് അന്വേഷിച്ചു. ഇങ്ങനെയൊന്നും കുരീപ്പുഴ അവിടെ പറഞ്ഞിട്ടില്ല എന്നാണ് പൊലീസിനോട് അന്ന് അവിടെയുണ്ടായിരുന്നവരും പ്രസംഗിച്ചവരുമെല്ലാം പറഞ്ഞത്. അതിനാല്‍ എനിക്കെതിരെ പൊലീസ് കേസെടുത്തില്ല. വീണ്ടും ഒരു പരാതികൂടി കൊടുത്തു. ശിവാലയങ്ങള്‍ ശൌചാലയങ്ങളാക്കി മാറ്റണമെന്ന് ഞാന്‍ പ്രസംഗിച്ചു എന്നാണ് പരാതി. ഈ കെട്ടുകഥകള്‍ പ്രചരിപ്പിച്ചവര്‍ എന്നെയല്ല, കേരളത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളെയാണ് ലക്‍ഷ്യം വച്ചത്. കേരളത്തിന്‍റെ മതേതര മനസിനെതിരെയാണ് ഈ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോകുന്ന കാര്യമല്ല. ആരും ഇത് വിശ്വസിക്കുകയുമില്ല. 
 
ഇതിന് ഉപോല്‍‌ബലകമായി അവര്‍ കാണിക്കുന്നത് 2011ല്‍ പാലക്കാട്ടെ ഒരു യുക്തിവാദി സമൂഹത്തില്‍ ഞാന്‍ നടത്തിയ ഒരു പ്രസംഗമാണ്. യുക്തിവാദിസമൂഹത്തില്‍ കുഞ്ഞുങ്ങളും അമ്മമാരുമൊക്കെയിരിപ്പുണ്ടായിരുന്നു. ആ കുഞ്ഞുങ്ങളോട് രസകരമായി കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലേ അവര്‍ കേട്ടിരിക്കുകയുള്ളൂ. അങ്ങനെ പല കാര്യങ്ങള്‍ തമാശയായി പറഞ്ഞ കൂട്ടത്തില്‍, ഈ രാവണന്‍ ആരാ ആള്, രാവണന് എത്ര തലയാ ഉള്ളത്, രാവിലെ എണീറ്റ് രാവണന് ഒന്ന് പല്ലുതേയ്ക്കണമെന്നുണ്ടെങ്കില്‍ എത്രമാത്രം പേസ്റ്റ് വേണം എങ്ങനെയൊക്കെ കുട്ടികളോട് പറഞ്ഞു. കുട്ടികള്‍ അത് ആസ്വദിക്കുകയും ചെയ്തു. അതാണ് ഇവര്‍ക്ക് പ്രശ്നം. രാവണന്‍ എങ്ങനെയാണ് ഇവര്‍ക്ക് പ്രശ്നമാകുന്നത്? രാവണന്‍ എന്‍റെയാളല്ലേ? ദ്രാവിഡന്‍റെയാള്. അവര്‍ ആര്യന്‍‌മാരുടെ ചിന്ത പിന്തുടരുന്നവരല്ലേ, ഞാന്‍ രാവണനെപ്പറ്റി പറഞ്ഞാല്‍ അവര്‍ക്ക് എങ്ങനെയാണ് നോവുന്നത്? രാവണന്‍ അവരുടെ ദൈവമാണോ?
 
എന്തായാലും ഇതൊക്കെയാണ് എന്‍റെ വര്‍ത്തമാനങ്ങളായി അവര്‍ പ്രചരിപ്പിക്കുന്നത്. ഞാന്‍ ഒരു വൃത്തികെട്ടവനാണെന്നൊക്കെ വരുത്തിത്തീര്‍ക്കാന്‍ കേരളത്തിലുടനീളം ഫ്ലക്സൊക്കെ വയ്ക്കുകയാണ് അവര്‍. കവിത എന്ന മാധ്യമത്തിന് വലിയ ശക്തിയുണ്ട്. അത് മനുഷ്യരെ വല്ലാതെ ആകര്‍ഷിക്കും. മനുഷ്യരെ അത്ഭുതപ്പെടുത്തും. കവികളെ അത്ഭുതത്തോടെ വായനക്കാര്‍ നോക്കിയെന്നുവരും. എവിടെയെങ്കിലുമൊക്കെ ചെല്ലുമ്പോള്‍ ആളുകള്‍ ഓടിവരികയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് പലപ്പോഴും. ഇത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. ആ ഫോട്ടോകള്‍ കണ്ടെത്തിയാണ് ഞാന്‍ സാമൂഹികവിരുദ്ധനാണെന്ന് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. 
 
നമ്മുടെ നാട്ടില്‍ ഷേക്ക് ഹാന്‍ഡില്ല. മറ്റെല്ലായിടത്തുമുണ്ട്. നമ്മുടെ നാട്ടില്‍ ജാതീയത നിലനിന്നതുകൊണ്ട് അത് പറ്റില്ല. അച്ഛന്‍ മകളുടെ നെറുകയില്‍ ചുംബിച്ച് യാത്രയയ്ക്കാന്‍ നമ്മുടെ നാട്ടില്‍ പറ്റില്ല. മനുസ്മൃതിയനുസരിച്ച് അങ്ങനെ ചെയ്യാന്‍ പാടില്ല. ഇതിനെയൊക്കെ ചോദ്യം ചെയ്താണ് നമ്മള്‍ വളര്‍ന്നിട്ടുള്ളത്. ഇതിനെ ചോദ്യം ചെയ്യാതെയിരുന്നെങ്കില്‍ സതി സമ്പ്രദായം ഇന്നും ഉണ്ടാകുമായിരുന്നു, അല്ലേ? സതി സമ്പ്രദായത്തേക്കുറിച്ച് അവര്‍ പറഞ്ഞത് അത് ഞങ്ങളുടെ ആചാരമാണ് എന്നല്ലേ?
 
സതിസമ്പ്രദായം നിരോധിക്കാതെ അത് ആചാരത്തിന്‍റെ ഭാഗമായി നടപ്പാക്കിയിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി? ക്ഷേത്രപ്രവേശനവിളംബരം നമ്മള്‍ സമരം ചെയ്ത് നേടിയതാണ്. ആചാരമനുസരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. ആ ആചാരം നമ്മള്‍ മാറ്റിയില്ലേ? ഹിന്ദുമത ആചാരമനുസരിച്ച് എല്ലാ വിഭാഗക്കാരും ഒരുമിച്ച് വഴിനടക്കാനാകുമായിരുന്നില്ല. ആ ആചാരം നമ്മള്‍ തിരുത്തിയില്ലേ? കഴിഞ്ഞ മാസം ചന്ദ്രഗ്രഹണമുണ്ടായ സമയത്ത് കേരളത്തില്‍ ആരും മടലുവെട്ടി തറയിലടിച്ചിട്ടില്ല. കാരണം, കേരളത്തിലുള്ളവര്‍ക്ക് അറിയാം ഇത് രാഹു എന്ന പാമ്പ് ചന്ദ്രനെ വിഴുങ്ങുന്നതല്ല എന്ന്. ഇവര്‍ക്ക് പ്രാധാന്യം വന്നാല്‍, അടുത്ത ചന്ദ്രഗ്രഹണ സമയത്ത് കേരളം മുഴുവന്‍ മടല്‍ വെട്ടിയടിക്കുന്ന ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടിവരും. ആ രീതിയിലേക്ക് നമ്മള്‍ പോകണോ? അതാണ് നമ്മള്‍ തീരുമാനിക്കേണ്ടത്. 
 
എനിക്കെതിരെയുള്ള മറ്റൊരു ആരോപണം, പത്മനാഭ സ്വാമി പുരസ്കാരം ഞാന്‍ നിഷേധിച്ചു എന്നതാണ്. പത്മനാഭസ്വാമി പുരസ്കാരം ഇനിയും തന്നാലും ഞാന്‍ നിഷേധിക്കും, യാതൊരു സംശയവും വേണ്ട. എനിക്ക് ഈ പുരസ്കാരം ലഭിച്ചപ്പോള്‍ അതിന്‍റെ പ്രസിഡന്‍റിനെ ഞാന്‍ വിളിച്ചു ചോദിച്ചത്, പത്മനാഭസ്വാമി എന്ന ബാലസാഹിത്യകാരനെ എനിക്കറിയില്ലല്ലോ എന്നാണ്. കുഞ്ഞുണ്ണിമാഷെ അറിയാം, കോന്നിയൂര്‍ നരേന്ദ്രനാഥിനെ അറിയാം, നന്തനാരെ അറിയാം, ഇതാരാ കക്ഷി എന്നാണ്. അപ്പോള്‍ യൂസഫലി കേച്ചേരി പറഞ്ഞത്, എനിക്കും ആരാന്നറിയില്ല ഞാന്‍ ചോദിച്ചിട്ടുപറയാം എന്നാണ്. ചോദിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞത്, പത്മനാഭസ്വാമി ബാലസാഹിത്യകാരനല്ല തിരുവനന്തപുരത്തുള്ള ഒരു ദൈവമാണെന്നാണ്. അദ്ദേഹത്തിന്‍റെ പേരില്‍ തിരുവിതാംകൂര്‍ രാജാവ് നല്‍കുന്നതാണ് അവാര്‍ഡ്. ഞാന്‍ പറഞ്ഞു, മാഷേ എനിക്കത് വാങ്ങാന്‍ പറ്റില്ല. സാഹിത്യ അക്കാദമി സെക്കുലര്‍ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനമാണ്. അവിടെ എല്ലാവരുടെയും പണമുണ്ട്. ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും പണമുണ്ട്. എന്നേപ്പോലെ മതവിശ്വാസമില്ലാത്തയാളുടെ പണമുണ്ട്. എല്ലാവരുടെയും നികുതി സ്വരൂപിച്ചാണ് ആ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെയുള്ള ഒരു സ്ഥാപനം ദൈവത്തിന്‍റെ പേരിലുള്ള പുരസ്കാരം കൊടുക്കരുത്. അത് ഭരണഘടനാവിരുദ്ധമാണ്. ഇനി നിങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കത് വാങ്ങിക്കാന്‍ സാധിക്കില്ല എന്നുപറഞ്ഞു. അതുകൊണ്ടാണ് നിഷേധിച്ചത്, അല്ലാതെ പണം കുറവായതുകൊണ്ട് നിഷേധിച്ചതല്ല. അത് ഇനിയും തന്നാലും ഞാന്‍ നിഷേധിക്കുക തന്നെ ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article