ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല കുരീപ്പുഴ ശ്രീകുമാര്‍: ജയശങ്കര്‍
ബുധന്‍, 7 ഫെബ്രുവരി 2018 (10:45 IST)
ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല കവി കുരീപ്പുഴ ശ്രീകുമാറെന്ന് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍.
പവിത്രൻ തീക്കുനിയെ പോലെ അദ്ദേഹം കവിത പിൻവലിച്ചു മാപ്പു പറയില്ല. ദരിദ്രരുടെയും ദലിതരുടെയും പക്ഷത്തു നിൽക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും മടിക്കുമ്പോഴും അവർക്കു വേണ്ടി തുടർന്നും ശബ്ദമുയർത്തുമെന്നും ജയശങ്കര്‍ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
വെറുമൊരു കവിയോ സാംസ്കാരിക നായകനോ അല്ല, കുരീപ്പുഴ ശ്രീകുമാർ. അവാർഡുകളും അക്കാദമി അംഗത്വവും വിദേശ യാത്രകളും മോഹിച്ചു കമ്പോളനിലവാരം നോക്കി സാഹിത്യരചന നടത്തുന്നയാളുമല്ല.
അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും ജാതിവ്യവസ്ഥയെയും മതാന്ധതയെയും തീവ്രവാദത്തെയും എതിർക്കുന്ന, ഒരു മതത്തിലും വിശ്വസിക്കാത്ത, ഒരു ദൈവത്തെയും ആരാധിക്കാത്ത തനി നാസ്തികൻ; കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചായ്വുണ്ടെങ്കിലും ഒരു പാർട്ടിയിലും അംഗമല്ലാത്ത സ്വതന്ത്രചിന്തകൻ.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, യഹൂദ, ബൗദ്ധ വർഗീയതകളെ ഒരുപോലെ എതിർക്കുന്നയാളാണ് ശ്രീകുമാർ. ഒരു ചട്ടക്കൂടിലും ഒതുങ്ങുകയില്ല, ഒരു തൊപ്പിയും പാകമാകില്ല.
വടയമ്പാടി ദലിത് ഭൂസമരത്തെ പിന്തുണച്ച് കോട്ടുക്കലിൽ ശ്രീകുമാർ നടത്തിയ പ്രസംഗം, ആർഎസ്എസുകാരെ കോപാകുലരാക്കി. അവർ അദ്ദേഹത്തെ തടഞ്ഞു നിർത്തി ദേഹോപദ്രവത്തിനു മുതിർന്നു.
ആർഎസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല, കുരീപ്പുഴ ശ്രീകുമാർ. പവിത്രൻ തീക്കുനിയെ പോലെ കവിത പിൻവലിച്ചു മാപ്പു പറയുകയുമില്ല.
ദരിദ്രരുടെയും ദലിതരുടെയും പക്ഷത്തു നിൽക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും മടിക്കുമ്പോഴും അവർക്കു വേണ്ടി തുടർന്നും ശബ്ദമുയർത്തും.